തൃശ്ശൂര്‍: കോൺഗ്രസിന്റെ കത്തിക്കിരയായി എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ മൃതദേഹം മണ്ണോടടിയുന്ന സമയം ജില്ലയില്‍ മറ്റൊരു ഭാഗത്ത് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി സിപിഎം നേതൃത്വം. സി.പി.എമ്മിന്റെ ഈ നടപടിക്കെതിരെ പ്രവർത്തകർക്കിടയിൽ അമർഷം ശക്തമാകുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ ജീവനെക്കാള്‍ വലുതാണോ നേതാക്കള്‍ക്ക് അധികാരം എന്ന ചോദ്യമാണ് അവര്‍ ഉയര്‍ത്തുന്നത്.
കഴിഞ്ഞ ദിവസം ഇടുക്കിയില്‍ കുത്തേറ്റ് മരിച്ച എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര തൃശ്ശൂരില്‍ എത്തിയപ്പോള്‍ തിരുവില്വാമലയില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ബിജെപി ഭരണം അട്ടിമറിക്കാനുള്ള നീക്കത്തിലായിരുന്നു സിപിഎം ജില്ലാ നേതൃത്വം. ഇതിനെതിരെയാണ് ഇപ്പോൾ പാർട്ടിയിലെ അംഗങ്ങൾക്കിടയിൽ നിന്ന് തന്നെ എതിർപ്പ് ഉയരുന്നത്.
തിരുവില്വാമലയില്‍ കോൺഗ്രസിനെ അധികാരത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സിപിഎമ്മിന്റെ കൈകോർക്കൽ. ബിജെപിക്കും കോണ്‍ഗ്രസിനും ആറംഗങ്ങള്‍ വീതമാണ് ഇവിടെയുള്ളത്. സിപിഎം ഇവിടെ മൂന്നാമൻ ആണ്. നറുക്കെടുപ്പിലൂടെ ഭരണത്തിലെത്തിയ ബിജെപിയെ താഴെ ഇറക്കാനായാൽ, കോൺഗ്രസിന് ഭരിക്കാമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസും സിപിഎമ്മും. സിപിഎം ജില്ലാ നേതൃത്വത്തിന്റെ താത്പര്യപ്രകാരമാണ് കോണ്‍ഗ്രസുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയം അവതരിപ്പിച്ചതെന്ന് പ്രാദേശിക നേതൃത്വം സമ്മതിക്കുന്നു.
ധീരജ് കൊലപാതകത്തിന് പിന്നാലെ ഇവയെല്ലാം മറന്ന് സിപിഎം ധീരജിന്റെ കൊലപാതകത്തിന് കാരണക്കാരായവരുടെ പാർട്ടിയുമായി ഭാവിയിൽ വീണ്ടും സഹകരിക്കുമെന്നതിന്റെ ഉദാഹരണമാണ് തിരുവില്വാമലയില്‍ നടന്നതെന്നാണ് ഉയരുന്ന ആക്ഷേപം.
Post Your Comments