മലപ്പുറം: രാജ്യവ്യാപകമായി 1,200 കോടി രൂപ തട്ടിയെടുത്ത സംഘം മോറിസ് കോയിന് അമേരിക്കന്‍ ക്രിപ്റ്റോ എക്സ്ചേഞ്ചില്‍ അംഗീകാരമുണ്ടെന്ന് വരുത്താനായി ഒരു അമേരിക്കക്കാരനെ വച്ച് വിഡിയോ തയാറാക്കി പ്രചരിപ്പിച്ചു. തട്ടിപ്പിന് കേരളത്തില്‍ നേതൃത്വം നല്‍കിയ മലപ്പുറം പൂക്കോട്ടുംപാടം സ്വദേശി അടക്കമുള്ളവർ സുരക്ഷിതമായി വിദേശത്തേക്ക് കടക്കുകയും ചെയ്തു.
അമിതലാഭം നല്‍കിയാലും തന്‍റെ കമ്പനി തകരില്ലെന്നു വിളിച്ചുപറഞ്ഞാണ് നിഷാദ് കിളിയിടുക്കൽ കൂടുതല്‍ പണം പോക്കറ്റിലാക്കിയത്. 15,000 രൂപ നിക്ഷേപിക്കുന്നവര്‍ക്ക് 300 ദിവസം തുടര്‍ച്ചയായി 270 രൂപ വീതം കിട്ടിക്കൊണ്ടിരിക്കും എന്നായിരുന്നു വാഗ്ദാനം. അതായത് 15,000 രൂപ നിക്ഷേപിച്ചാല്‍ മടക്കിക്കിട്ടുന്നത് 81,000 രൂപ. 15,000 രൂപയുടെ ഗുണിതങ്ങളായി എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാം. മുതലും ലാഭവും മോറിസ് കോയിന്‍ എന്ന ക്രിപ്റ്റോ കറന്‍സിയായി ലഭിക്കുമെന്നും വിശ്വസിപ്പിച്ചു.
Read Also: അരലക്ഷം അംഗബലമുള്ള പൊലീസ് സേനയിൽ യന്ത്ര മനുഷ്യരല്ല പ്രവർത്തിക്കുന്നത്: കോടിയേരി
വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ അമേരിക്കൻ എക്സ്ചേഞ്ചിന്‍റെ പട്ടികയില്‍ മോറിസ് കോയിനെ ചേര്‍ത്തുവെന്ന നാടകവും പ്രചരിപ്പിച്ചു. കോവിഡ് കാലത്ത് പുതിയ വരുമാനമാര്‍ഗം തേടിയവരെയാണു മോറിസ് കോയിന്‍ വലയിലാക്കി പണം തൂത്തുവാരിക്കൊണ്ടുപോയത്. നിലമ്പൂര്‍, വണ്ടൂര്‍, പൂക്കോട്ടുംപാടം ഭാഗത്ത് മാത്രം ആയിരങ്ങള്‍ക്കാണു പണം നഷ്ടമായത്. മുതലും പലിശയുമില്ലാതായതോടെ പരാതിയുമായി ആയിരങ്ങളെത്തി. മുന്‍കൂട്ടി തയാറാക്കിയ പദ്ധതിപ്രകാരം നിഷാദ് കിളിയിടുക്കലും പ്രധാനികളും ഗള്‍ഫിലേക്ക് മുങ്ങിയതോടെ ലാഭം പോയിട്ട് മുതലുപോലും കിട്ടാത്ത ഒട്ടേറെ നിക്ഷേപകര്‍ കടക്കെണിയിലാണ്.
Post Your Comments