ന്യൂഡൽഹി: പഞ്ചാബിലെ ഫിറോസ്പൂരിൽ, അതിർത്തി പ്രദേശത്തു നിന്നും ആളൊഴിഞ്ഞ നിലയിൽ പാകിസ്ഥാനി ബോട്ട് കണ്ടെത്തി. ബോർഡർ ഔട്ട്പോസ്റ്റിനു സമീപമാണ് സൈനികർ ബോട്ട് കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച, ഫിറോസ്പൂരിൽ പരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഒരു സംഘം ആളുകൾ തടഞ്ഞിരുന്നു. വൻ സുരക്ഷാ വീഴ്ചയാണ് അന്ന് സംഭവിച്ചതെന്ന് പിന്നീട് കണ്ടെത്തി. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് 10 മീറ്റർ അടുത്ത് വരെ ആൾക്കാർ എത്തിയിരുന്നു. ഈ പ്രദേശത്തിന്റെ അടുത്ത് നിന്നാണ് ഇപ്പോൾ ബോട്ട് കണ്ടെത്തിയിരിക്കുന്നത്.
പാകിസ്ഥാൻ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്നതിനാൽ, വളരെ തന്ത്രപ്രധാനവും അപകടകരവുമായ മേഖലയാണ് ഫിറോസ്പൂർ. നിരവധി തവണ അതിർത്തി ലംഘിച്ച് പാക്കിസ്ഥാൻ ഡ്രോണുകൾ ഈ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. വളരെ വലിയ അളവിൽ മയക്കുമരുന്നും സൈന്യം പിടിച്ചെടുത്തിരുന്നു.
ബോട്ട് കണ്ടെത്തിയതിനെത്തുടർന്ന് അതിർത്തി രക്ഷാസേന, ഈ പ്രദേശം അരിച്ചു പെറുക്കിയെങ്കിലും, അന്വേഷണത്തിന് സഹായിക്കുന്ന ഒന്നും തന്നെ ലഭിച്ചില്ല.
Post Your Comments