Latest NewsIndia

പഞ്ചാബ് മുഖ്യമന്ത്രിയുടെയും വാഹനം തടഞ്ഞ് കർഷക സമരക്കാർ: ഇത് ഇവിടെ സ്ഥിരമാണെന്നും സുരക്ഷാവീഴ്ചയല്ലെന്നും ഛന്നി

ഇതും നാടകമാണെന്നാണ് ബിജെപിയുടെ ആരോപണം. ഇതിനു മുൻപ് മുഖ്യമന്ത്രിയെ തടഞ്ഞ വാർത്തകളൊന്നും വന്നിട്ടില്ലല്ലോ എന്നും അവർ ചൂണ്ടിക്കാട്ടി.

അമൃത്സർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം കുടുങ്ങിയതിന് ഒരു കിലോമീറ്റർ അകലെ മുഖ്യമന്ത്രി ചരൺജിത്ത് സിങ് ഛന്നിയുടെ വാഹനവ്യൂഹം തടഞ്ഞ് കർഷകർ. കഴിഞ്ഞ രണ്ട് മാസത്തിലേറെയായി തങ്ങൾ ഉയർത്തുന്ന യാതൊരു ആവശ്യങ്ങളും മുഖ്യമന്ത്രി അംഗീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധക്കാർ വാഹനം തടഞ്ഞത്. അടുത്തദിവസം തന്നെ ചണ്ഡീഗഡിൽ കർഷകരുമായി കൂടിക്കാഴ്ച ഉണ്ടെന്നും, വാഹനം തടയേണ്ട ആവശ്യം എന്തായിരുന്നുവെന്നും ഛന്നി പ്രതിഷേധക്കാരോട് ചോദിച്ചു.

അടുത്ത യോഗത്തിൽ കർഷകരുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാനുള്ള തീരുമാനങ്ങൾ ഉണ്ടാകുമെന്നും ഛന്നി കർഷകർക്ക് ഉറപ്പ് നൽകി. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകുന്നതിന് പ്രതിഷേധക്കാരായ കർഷകർ അനുമതി നൽകിയത്. ഇതുപോലെയാണ് പ്രധാനമന്ത്രിയുടെ വാഹനം തടഞ്ഞതെന്നും, ഇതിൽ സുരക്ഷാ വീഴ്‌ച്ചയൊന്നും ഇല്ലെന്നും സംഭവത്തിന് പിന്നാലെ ചരൺജിത്ത് സിങ് ഛന്നി മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘ നിങ്ങൾ നോക്കൂ, പ്രതിഷേധക്കാർ എന്നെ തടയാൻ വന്നതാണ്. എന്നും പറഞ്ഞ് ഞാൻ അവരെ കൊല്ലണോ. പത്ത് പേർ എന്റെ വാഹനം തടയാൻ വന്നു. അവർ പോലീസ് വാഹനവ്യൂഹത്തെ വളഞ്ഞു. പക്ഷേ പ്രധാനമന്ത്രിക്ക് അങ്ങനെ കാർ നിർത്തേണ്ടി പോലും വന്നില്ല. പ്രതിഷേധക്കാർക്ക് ഏകദേശം ഒരു കിലോമീറ്റർ പിറകിലായാണ് അദ്ദേഹത്തിന്റെ വാഹനം നിർത്തിയത്. പ്രകടനം നടത്തുന്നതൊക്കെ ജനാധിപത്യപരമായ അവകാശങ്ങളാണ്.’

read also: പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയിൽ സംഭവിച്ചതെന്ത്? സുപ്രീംകോടതി ഇടപെടുന്നു, ഒഴിഞ്ഞു മാറാനാവാതെ പഞ്ചാബ് സർക്കാർ

‘തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് തങ്ങളുടെ ആവശ്യങ്ങൾ നിറവേറണമെന്നാണ് ഈ കർഷകർ ആഗ്രഹിക്കുന്നത്. എനിക്ക് രാജ്യത്തോട് പറയാൻ ഒരു കാര്യം മാത്രമാണുള്ളത്. പ്രധാനമന്ത്രിയുടെ ജീവന് ഒരു തരത്തിലുമുള്ള ഭീഷണിയില്ല. അദ്ദേഹത്തിന്റെ ദീർഘായുസ്സിനായി ഞാനും പ്രാർത്ഥിക്കുകയാണ്’ ഛന്നി പറഞ്ഞു. എന്നാൽ ഇതും നാടകമാണെന്നാണ് ബിജെപിയുടെ ആരോപണം. ഇതിനു മുൻപ് മുഖ്യമന്ത്രിയെ തടഞ്ഞ വാർത്തകളൊന്നും വന്നിട്ടില്ലല്ലോ എന്നും അവർ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button