വാഷിംഗ്ടൺ: ചൈനയിലെ ഷിൻജിയാങ് പ്രവിശ്യയിൽ അമേരിക്കൻ കമ്പനി ടെസ്‌ല പുതിയ ഷോറൂം തുറന്നതിനെ രൂക്ഷമായി വിമർശിച്ച് വൈറ്റ് ഹൗസ്. ചൈനയിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ എന്തിനാണ് ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്തതെന്ന് വൈറ്റ് ഹൗസ് ചോദിച്ചു.
ചൈന, ഈ മേഖലയിലെ ജനങ്ങളെക്കൊണ്ട് നിർബന്ധിച്ചു പണിയെടുപ്പിക്കുകയും കുട്ടികളെക്കൊണ്ട് ബാലവേല ചെയ്യിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിനെതിരെ പ്രതിഷേധിക്കുന്ന രാജ്യങ്ങളിൽ ഒന്നാമതാണ് യു.എസ്. ഈ സാഹചര്യത്തിൽ, അവിടെ ഒരു അമേരിക്കൻ കമ്പനി തുടങ്ങിയത് അന്താരാഷ്ട്ര പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെൻ പസകി പറഞ്ഞു. മനുഷ്യാവകാശ പ്രശ്നങ്ങളിൽ പൊതുസമൂഹവും സ്വകാര്യ സ്ഥാപനങ്ങളും സർക്കാരും ഒരുപോലത്തെ നയം സ്വീകരിക്കണമെന്നും അവർ നിർദേശിച്ചു.
ഇത് ഗുരുതരമായ പ്രശ്നമാണെന്നും ടെസ്‌ല കമ്പനിയുടെ കീർത്തിയെയും ഉപഭോക്താക്കളെയും ഇതു ബാധിക്കുമെന്നും അവർ വ്യക്തമാക്കി. ഒരു സ്വകാര്യ കമ്പനിയുടെ കാര്യത്തിൽ ഇടപെടാൻ പാടില്ലാത്തതാണെന്നും എന്നാൽ, ചൈനയ്ക്കെതിരെ മനുഷ്യാവകാശ സംഘടനകൾ വരെ രംഗത്ത് വന്നിരിക്കുന്ന സ്ഥിതിക്ക് ഷോറൂം തുറക്കാൻ പാടില്ലായിരുന്നുവെന്നും ജെൻ ചൂണ്ടിക്കാട്ടി.
ഈ പ്രശ്നങ്ങളെല്ലാം ഉയർത്തിക്കാട്ടിയാണ് അടുത്ത മാസം നടക്കാനിരിക്കുന്ന ശീതകാല ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിൽ നിന്നും അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ പിന്മാറിയത്.
ഷിൻജിയാങ് പ്രവിശ്യയിൽ മതന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്നതിനെതിരെ അമേരിക്ക രംഗത്തു വന്നിരുന്നു. ഈ പ്രവിശ്യയിൽ നിന്നുള്ള കമ്പനികൾ നിർബന്ധിത തൊഴിലെടുപ്പിച്ചല്ല ഉൽപന്നങ്ങൾ നിർമ്മിച്ചതെന്ന് തെളിയിക്കണമെന്നും, എങ്കിൽ മാത്രമേ യു.എസിൽ ഇത്തരം ഉൽപന്നങ്ങൾ വിൽക്കാൻ അനുവദിക്കൂവെന്ന് അമേരിക്ക അറിയിച്ചിരുന്നു. പിന്നീട് ഇവിടെ നിന്നുള്ള ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള നിയമത്തിൽ യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ ഒപ്പു വയ്ക്കുകയും ചെയ്തു.
Post Your Comments