KeralaLatest NewsIndiaNews

ഓരോ കേരളീയനും സഖാവ് യു.കെയുടെ ധീരതയോടു കടപ്പെട്ടിരിക്കുന്നു, വർഗീയഭ്രാന്തന്മാർ അദ്ദേഹത്തെ കൊലപ്പെടുത്തി: പിണറായി വിജയൻ

തലശ്ശേരിയില്‍ മരണപ്പെട്ട യു കെ കുഞ്ഞിരാമന്റെ അമ്പതാം ചരമ വാര്‍ഷികദിനത്തിൽ കുഞ്ഞിരാമനെ ധീരസഖാവായി വാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മതസൗഹാർദ്ദം സംരക്ഷിക്കാനും വർഗീയ ശക്തികളെ ഒറ്റപ്പെടുത്താനും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിനിടയിലാണ് കുഞ്ഞിരാമനെ വർഗീയ വാദികൾ കൊലപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. തലശ്ശേരി വർഗീയ കലാപകാലത്ത് ന്യൂനപക്ഷ സമുദായത്തിനെതിരെ സംഘപരിവാർ അഴിച്ചുവിട്ട ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള കമ്മ്യൂണിസ്റ്റുകാരുടെ സ്ക്വാഡുകളിലൊന്നിന് നേതൃത്വം നൽകിയ സഖാവിനെ ആ പകയിൽ വർഗീയഭ്രാന്തന്മാർ കൊലപ്പെടുത്തുയായിരുന്നുവെന്നും നാമിന്ന് അനുഭവിക്കുന്ന മതസൗഹാർദ്ദാന്തരീക്ഷത്തിന് ഓരോ കേരളീയനും സഖാവ് യു.കെയുടെ ധീരതയോടു കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കൂത്തുപറമ്പിലെ കള്ളുഷാപ്പിൽ വെച്ചുണ്ടായ അടിപിടിക്കിടെ കുഞ്ഞിരാമൻ കുത്തേറ്റ് മരിക്കുകയായിരുന്നു എന്ന റിപ്പോർട്ടുകളും ഉണ്ട്. കള്ളുഷാപ്പിലെ അടിപിടിയില്‍ പരിക്കേറ്റ് മരിച്ച കുഞ്ഞിരാമനെ സിപിഎം ‘രക്തസാക്ഷി’യാക്കി അവരോധിക്കുകയാണെന്ന ആരോപണം ശക്തമായി. കുഞ്ഞിരാമന്റെ രക്തസാക്ഷിത്വത്തെ കുറിച്ച് അന്തരിച്ച പി.ടി തോമസ് മുൻപ് വെളിപ്പെടുത്തൽ നടത്തിയതാണെന്നും ധീരസഖാവായി ഉയർത്തുന്നത് എന്തിനാണെന്നുമുള്ള ചോദ്യവും മുഖ്യന്റെ പോസ്റ്റിനു താഴെ ഉയരുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

മതസൗഹാർദ്ദം സംരക്ഷിക്കാനും വർഗീയ ശക്തികളെ ഒറ്റപ്പെടുത്താനും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് ചരിത്രത്തിൽ ഉടനീളം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നടത്തിയിട്ടുള്ളത്. ആ കർമ്മവീഥിയിൽ അനേകം കമ്മ്യൂണിസ്റ്റുകാരുടെ ജീവൻ ബലിയർപ്പിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള ഉജ്വല രക്തസാക്ഷിത്വങ്ങളിൽ തെളിഞ്ഞു നിൽക്കുന്ന പേരാണ് സഖാവ് യു. കെ കുഞ്ഞിരാമൻ്റേത്. തലശ്ശേരി വർഗീയ കലാപകാലത്ത് ന്യൂനപക്ഷ സമുദായത്തിനെതിരെ സംഘപരിവാർ അഴിച്ചുവിട്ട ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള കമ്മ്യൂണിസ്റ്റുകാരുടെ സ്ക്വാഡുകളിലൊന്നിന് നേതൃത്വം നൽകിയ സഖാവിനെ ആ പകയിൽ വർഗീയഭ്രാന്തന്മാർ കൊലപ്പെടുത്തുയായിരുന്നു. നാമിന്ന് അനുഭവിക്കുന്ന മതസൗഹാർദ്ദാന്തരീക്ഷത്തിന് ഓരോ കേരളീയനും സഖാവ് യു.കെയുടെ ധീരതയോടു കടപ്പെട്ടിരിക്കുന്നു. ഇന്ന് സഖാവിൻ്റെ രക്തസാക്ഷി ദിനമാണ്. ജ്വലിക്കുന്ന ആ ഓർമ്മകൾ വർഗീയതക്കെതിരെയുള്ള സമരങ്ങളിൽ നമുക്ക് കരുത്ത് പകരും. വഴികാട്ടിയാകും. കമ്മ്യുണിസ്‌റ്റുകാരൻ്റെ സിരകളിലോടുന്നത് എല്ലാ വൈജാത്യങ്ങൾക്കും അതീതമായ മാനവികതയുടെ രക്തമാണെന്ന് നമ്മെ നിരന്തരം ഓർമ്മപ്പെടുത്തും. ആ ബോധ്യങ്ങൾ ഉൾക്കൊണ്ടും ലക്ഷ്യങ്ങൾ ഏറ്റെടുത്തും നമുക്ക് മുന്നോട്ടു പോകാം. സഖാവ് യു. കെ കുഞ്ഞിരാമൻ്റെ ഓർമ്മകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അഭിവാദ്യങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button