മുംബൈ: ഒമിക്രോണ്‍ വകഭേദം ശക്തിപ്രാപിച്ചതിന്റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ നിരോധനാജ്ഞ നീട്ടി. ജനുവരി 15 വരേയ്ക്കാണ് നിരോധനാജ്ഞ നീട്ടിയത്. പുതുവത്സര ദിനത്തിന് ഒരു ദിവസം മാത്രം ശേഷിക്കെയാണ് മുംബൈ പോലീസ് ഉത്തരവിറക്കിയിരിക്കുന്നത്. ബീച്ചുകള്‍, മൈതാനങ്ങള്‍, തീരപ്രദേശങ്ങള്‍, ഉല്ലാസയിടങ്ങള്‍, പൂന്തോട്ടങ്ങള്‍, പാര്‍ക്കുകള്‍, സമാനമായ മറ്റ് പൊതുയിടങ്ങള്‍ എന്നിവിടങ്ങളില്‍ വൈകിട്ട് അഞ്ച് മണി മുതല്‍ പ്രവേശിക്കുന്നതിന് പൂര്‍ണ വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പകല്‍ സമയം വലിയ ജനക്കൂട്ടം ഒത്തുകൂടുന്നതിനും വിലക്കുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിമുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നു . പ്രധാന നഗരമായ മുംബൈ ഉള്‍പ്പടെ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയത്.
എല്ലാ വിലക്കുകളും ജനുവരി 15 വരെ തുടരുമെന്നാണ് വിവരം. വ്യഴാഴ്ച മാത്രം 5,368 കൊറോണ രോഗികള്‍ സംസ്ഥാനത്ത് സ്ഥിരീകരിച്ചിരുന്നു. മുന്‍ദിവസത്തേക്കാള്‍ 37 ശതമാനം കൂടുതല്‍ രോഗികളാണുണ്ടായത്. ഇതില്‍ 198 രോഗികളും ഒമിക്രോണ്‍ ബാധിതരാണ്. കഴിഞ്ഞ ദിവസം വൈകിട്ട് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സംസ്ഥാനത്തെ കൊവിഡ് ടാസ്ക് ഫോഴ്സുമായി അടിയന്തിര യോഗം നടത്തിയിരുന്നു. തുടര്‍ന്നാണ് നിരോധനാജ്ഞ നീട്ടാന്‍ തീരുമാനമായത്.
Post Your Comments