പറവൂര്‍: എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂരില്‍ 25 കാരി കൊല്ലപ്പെട്ട കേസില്‍ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. കൊല്ലപ്പെട്ട വിസ്മയയുടെ സഹോദരി ജിത്തുവിന് വേണ്ടിയാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. സംഭവം നടന്ന് രണ്ട് ദിവസമായിട്ടും ജിത്തുവിനെ കണ്ടെത്താത്ത സാഹചര്യത്തിലാണ് പോലീസിന്റെ നീക്കം. സംഭവത്തിന് ശേഷം ജിത്തു എവിടെപ്പോയി എന്നത് സംബന്ധിച്ച് ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. ജിത്തു നടന്നു പോകുന്ന ഒരു സിസിടിവി ദൃശ്യം മാത്രമാണ് പോലീസിന് തെളിവായി ഇതുവരെ ലഭിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിക്കാണ് വിസ്മയയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വൈകിട്ട് മൂന്ന് മണിയോടെയാണ് വീട്ടില്‍ നിന്നും തീയും പുകയും കണ്ടത്. ഗെയ്റ്റ് അകത്ത് നിന്നും പൂട്ടിയ നിലയിലും വീടിന്റെ മുന്‍വാതില്‍ തുറന്നിട്ട നിലയിലുമായിരുന്നു. തീപിടിച്ച മുറിക്കുള്ളില്‍ നിന്ന് തന്നെയാണ് തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ശിവാനന്ദനും ഭാര്യയും പുറത്ത് പോയ സമയത്താണ് വീടിന് തീപിടിച്ചത്. ജിത്തുവിനേയും സംഭവത്തിന് പിന്നാലെ കാണാതായി.
ജിത്തു ബസ്സില്‍ എറണാകുളത്ത് എത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന് ശേഷം എന്ത് സംഭവിച്ചുവെന്ന സൂചന പോലീസിനില്ല ഈ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. വിസ്മയയുടെ മൊബൈല്‍ ഫോണുമായിട്ടാണ് ജിത്തു പോയിരിക്കുന്നത്. ഇത് സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ട്രെയിനില്‍ കയറി കേരളത്തിന് പുറത്തേക്ക് പോയിരിക്കാമെന്ന സാഹചര്യത്തില്‍, ഈ രീതിയിലും അന്വേഷണം നടക്കുന്നുണ്ട്.
Post Your Comments