റിയാദ്: ഇന്ത്യയുമായി എയര്‍ ബബിള്‍ കരാറിലൊപ്പിട്ട് സൗദി അറേബ്യ. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള വ്യോമഗതാഗതം സംബന്ധിച്ച കരാറാണിത്. കരാര്‍ നിലവില്‍ വന്നതോടെ അര്‍ഹരായ എല്ലാ യാത്രക്കാര്‍ക്കും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വ്യോമസഞ്ചാരം സാധ്യമാവും. 2022 ജനുവരി ഒന്ന് മുതല്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കരാറനുസരിച്ച് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും.
കരാര്‍ നിലവില്‍ വരുന്നതോടെ സൗദി പൗരന്മാര്, സൗദിയില്‍ ജീവിക്കുന്നവര്‍, സൗദി അറേബ്യന്‍ വിസ കൈവശമുള്ള ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന് എന്നീ രാജ്യങ്ങളിലെ പൗരന്മാര് എന്നിവര്‍ക്ക് ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് യാത്ര ചെയ്യാം. അതുപോലെ സൗദിയിലുള്ള ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന് എന്നീ രാജ്യങ്ങളിലെ പൗരന്മാര്, ഓവര്‍സീസ് സിറ്റിസണ്‍ഷിപ് ഓഫ് ഇന്ത്യ കാര്‍ഡുള്ളവര്‍, ഇന്ത്യന്‍ വിസ കൈവശമുള്ള നയതന്ത്ര പ്രതിനിധികളടക്കമുള്ള സൗദി പൗരന്മാര് എന്നിവര്‍ക്ക് സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കും യാത്ര ചെയ്യാം. കൊവിഡ് കാരണം റെഗുലര്‍ ഇന്റര്‍നാഷണല്‍ ഫ്ളൈറ്റുകള്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടാല്‍ പകരം കൊമേഴ്സ്യല്‍ പാസഞ്ചര്‍ സര്‍വീസുകള്‍ രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ നടത്തുന്നതിന് വേണ്ടിയാണ് ‘എയര്‍ ട്രാവല്‍ ബബിള്‍’ എന്ന താല്‍ക്കാലിക കരാറിലേര്‍പ്പെടുന്നത്.
Read Also: കേരള പോലീസിൽ ചാരപ്രവർത്തനം? ആര്.എസ്.എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നിൽ…
കൊവിഡ് കേസുകളിലെ വര്‍ധനവ് കാരണം ജനുവരി 31 വരെ രാജ്യത്തെ ഷെഡ്യൂള്‍ഡ് ഇന്റര്‍നാഷണല്‍ പാസഞ്ചര്‍ ഫ്ളൈറ്റ് ഓപ്പറേഷനുകള്‍ ഇന്ത്യ സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് എയര്‍ ബബിള്‍ കരാര്‍ അന്തിമമാക്കിയത്. 35 രാജ്യങ്ങളുമായാണ് ഇന്ത്യക്ക് എയര്‍ ബബിള്‍ എഗ്രിമെന്റ് ഉള്ളത്. അഫ്ഗാനിസ്ഥാന്, ഓസ്ട്രേലിയ, ബഹ്റൈന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറാഖ്, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ, അമേരിക്ക, ബ്രിട്ടന്, കാനഡ എന്നിവയടക്കമുള്ള രാജ്യങ്ങളുമായാണ് കരാറുള്ളത്.
Post Your Comments