ദോഹ: ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്ക് ഗോൾഡൻ ഫ്രെയിം സ്റ്റാറ്റസ് നഷ്ടമാകുമെന്ന് ഖത്തർ. കോവിഡ് വാക്സിന്റെ രണ്ടാമത്തെ ഡോസെടുത്ത് 9 മാസം കഴിഞ്ഞവരിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്ക് 2022 ഫെബ്രുവരി 1 മുതൽ ഇഹ്തെറാസിലെ ഗോൾഡൻ ഫ്രെയിം സ്റ്റാറ്റസ് ഉണ്ടാകില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ഖത്തറിന്റെ കോവിഡ് വാക്സിനേഷൻ കാലാവധി 9 മാസമാക്കി കുറച്ചിരുന്നു. തുടർന്നാണ് പുതിയ തീരുമാനം. 12 മാസമാണ് നിലവിൽ വാക്‌സിൻ സ്വീകരിക്കാനുള്ള കാലാവധി. ഫെബ്രുവരി 1 മുതലാണ് പുതിയ നടപടി പ്രാബല്യത്തിൽ വരുന്നത്. ഫെസർ-ബയോടെക്, മൊഡേണ, അസ്ട്രാസെനിക്ക എന്നീ വാക്സീനുകളുടെ രണ്ടാമത്തെ ഡോസെടുത്ത് 9 മാസത്തിൽ അധികമായവരെ ഫെബ്രുവരി 1 മുതൽ വാക്സിനെടുക്കാത്തവരുടെ പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ അർഹരായവർക്ക് കാലതാമസമില്ലാതെ ബൂസ്റ്റർ ഡോസ് വിതരണം ലക്ഷ്യമിട്ട് ജനുവരി 9 മുതൽ ബിസിനസ്, ഇൻഡസ്ട്രിയൽ മേഖലയിലുള്ളവർക്കായി ബു ഗാണിൽ പുതിയ ഖത്തർ വാക്സിനേഷൻ കേന്ദ്രം പ്രവർത്തന സജ്ജമാക്കുമെന്നും അധികൃതർ അറിയിച്ചു.ബിസിനസ്, ഇൻഡസ്ട്രിയൽ മേഖലയിലുള്ളവർ വാക്‌സിൻ സ്വീകരിക്കാനായി QVC@hamad.qa എന്ന ഇ-മെയിലിൽ മുൻകൂർ അനുമതി തേടണം.
Post Your Comments