ന്യൂഡൽഹി: പാകിസ്ഥാനിൽ 29 വർഷം ജയിൽവാസം അനുഭവിച്ച കത്വ സ്വദേശിയ്ക്ക് മോചനം. ജമ്മു കശ്മീരിലെ കത്വ സ്വദേശി കുൽദീപ് സിംഗാണ് 29 വർഷത്തിനു ശേഷം ജന്മഗൃഹത്തിൽ എത്തിയത്. പാകിസ്ഥാനിലെ കോട്ട് ലാക്പത് ജയിലിലാണ് അദ്ദേഹം തടവ് ശിക്ഷ അനുഭവിച്ചത്.
1992-ൽ, അറിയാതെ അന്താരാഷ്ട്ര അതിർത്തി ലംഘിച്ച് പാകിസ്ഥാനിൽ കടന്നതിനാണ് അദ്ദേഹത്തെ പാക് സൈന്യം അറസ്റ്റ് ചെയ്തത്. ചാരനാണെന്ന് ആരോപിച്ച് കുൽദീപിനെ നാലു തവണ വിചാരണ ചെയ്യുകയും പിന്നീട് 29 വർഷത്തെ ശിക്ഷ വിധിക്കുകയുമായിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ നിരന്തരമായ ഇടപെടലിലൂടെയും നിയമ പോരാട്ടങ്ങളിലൂടെയുമാണ് അദ്ദേഹത്തെ മോചിപ്പിക്കാൻ സാധിച്ചത്.
പാക് സൈന്യത്തിന്റെ കയ്യിൽ അകപ്പെടുന്ന ഓരോ ഇന്ത്യക്കാരനും മൃഗീയ പീഡനങ്ങൾക്ക് വിധേയരാകുന്നുണ്ടെന്ന് കുൽദീപ് വെളിപ്പെടുത്തി. രണ്ട് ജമ്മു കശ്മീർ സ്വദേശികളും മോചനം കാത്ത് ജയിലിൽ കഴിയുന്നുണ്ട്. പാക് സൈന്യത്തിന്റെ മനുഷ്യത്വരഹിതമായ കടുത്ത പീഡനം മൂലം സമനില തെറ്റി പന്ത്രണ്ടോളം ഇന്ത്യൻ പൗരന്മാർ പാകിസ്ഥാനിലെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കഴിയുന്നുണ്ടെന്നും കുൽദീപ് അറിയിച്ചു.
Post Your Comments