ന്യൂഡൽഹി: ഉത്തരാഖണ്ഡ് കോൺഗ്രസിലെ തർക്കം പരിഹരിക്കാൻ ഹൈക്കമാൻഡ് വിളിപ്പിച്ച ഉന്നതതല യോഗം ഇന്ന്. പാര്‍ട്ടി തന്നെ അവഗണിച്ചെന്ന് തുറന്നടിച്ച ഹരീഷ് റാവത്തിന്റെ ട്വീറ്റിന് പിന്നാലെയാണ് യോഗം. യോഗത്തിന് എത്താൻ ഹരീഷ് റാവത്തിനെ കൂടാതെ പാർലമെൻ്ററി പാർട്ടി നേതാവ് പ്രീതം സിങ്, സംസ്ഥാന അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ, യശ്പാൽ ആര്യ എന്നിവരോടും നിർദ്ദേശമുണ്ട്. യോഗത്തിൽ രാഹുൽ ഗാന്ധിയും പങ്കെടുക്കുമെന്നാണ് വിവരം.
നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം ലക്ഷ്യമിട്ട് പ്രവർത്തനങ്ങളുമായി പാർട്ടി മുന്നോട്ട് പോകുന്നതിനിടെയാണ് പ്രതിഷേധം പരസ്യമാക്കി ഹരീഷ് റാവത്ത് രംഗത്തെത്തിയത്. അമരീന്ദ്രർ സിങ്ങിന്റെ വഴിയെ പാർട്ടി വിടാനൊരുങ്ങുകയാണ് റാവത്തെന്ന് അഭ്യൂഹവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് റാവത്ത് അടക്കം മുതിർന്ന നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചത്.ഉത്തരാഖണ്ഡിന്റെ ചുമതലയുള്ള ദേവന്ദ്രയാദവും ദില്ലിക്ക് എത്തും.
സംസ്ഥാന നേതൃത്വം തന്നെ അവഗണിക്കുന്നുവെന്ന് പരാതി നൽകിയിട്ടും ഹൈക്കമാൻഡ് പരിഗണിച്ചില്ലെന്ന് ആക്ഷേപവുമുണ്ട് റാവത്തിന്. താൻ നടത്തിയ റാലിക്ക് സംസ്ഥാന നേതൃത്വത്തിന്റെ സഹകരണമുണ്ടായില്ലെന്ന പരാതിയും റാവത്ത് മുന്നോട്ട് വെക്കുന്നു. അതേസമയം കോൺഗ്രസിലെ പടലപ്പിണക്കം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ആയുധമാക്കുകയാണ് സംസ്ഥാന ബിജെപി നേത്യത്വം. റാവത്തിനെ കോൺഗ്രസ് ഒഴിവാക്കുകയാണെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ്ങ് ധാമി പ്രതികരിച്ചു.
Post Your Comments