ബെംഗളൂരു : ലിംഗമാറ്റ ശസ്ത്രക്രിയ പലരും ചെയ്യുന്നുണ്ടെങ്കിലും ചിലർക്ക് അത് കുഴപ്പമില്ലാതെ വരികയും മറ്റുചിലർക്ക് ദുരിതമാകുകയും ചെയ്യാറുണ്ട്. ശസ്ത്രക്രിയ ചെയ്തിട്ട് പത്ത് വർഷമാകാറായിട്ടും ദുരിതം വിട്ടുമാറാതെ വേദന അനുഭവിക്കുന്ന ട്രാൻസ്ജെൻഡർ തൃപ്തി ഷെട്ടിയുടെ അനുഭവം നൊമ്പരപ്പെടുത്തുന്നതാണ്. സർജറിയിലുണ്ടായ ഗുരുതര പിഴവുമൂലം വേദനകൊണ്ട് മൂത്രമെഴിക്കാൻ പറ്റാത്ത അവസ്ഥയാണ് ഇവർക്ക്. 4 തവണയാണ് ഇവർ സർജറിക്ക് വിധേയായത്. ഈ നിലയിൽ നിന്നും മാറ്റം വരാൻ ഇപ്പോൾ വീണ്ടും സർജറിക്ക് നിർദേശിച്ചിരിക്കുകയാണ് ഡോക്ടർ.
2012ലായിരുന്നു തൃപ്തിയുടെ ലിംഗമാറ്റ ശസ്ത്രക്രിയ ബാംഗ്ലൂരിൽ നടന്നത്. അന്ന് ചെലവായത് 18000 രൂപയായിരുന്നു. സർജറി കഴിഞ്ഞ് 41 ദിവസമാകുമ്പോഴേക്കും മൂത്രതടസം നേരിടുകയായിരുന്നു. പിന്നീട് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സ തേടുകയും മൂത്ര തടസ്സം മാറ്റാൻ ഹോളുണ്ടാക്കി ട്യൂബിടുകയും ചെയ്തു. 2014ൽ ഇതേ അവസ്ഥ. വീണ്ടും ശസ്ത്രക്രിയ. കുറച്ച് നാളുകൾക്ക് ശേഷം ബുദ്ധിമുട്ട് തുടങ്ങിയെങ്കിലും പുറത്ത് പറയാൻ മടിയായെന്ന് തൃപ്തി പറയുന്നു.
‘ഇപ്പോൾ വേദന സഹിക്കാനാവുന്നതിലും അപ്പുറമാണ്. മൂത്രമൊഴിക്കുമ്പോൾ ഉള്ളിലുള്ള ഞരമ്പുകളെല്ലാം വലിഞ്ഞ് സഹിക്കാനാവാത്ത വേദനയുണ്ടാകും. സൂചിയിൽ നിന്നും വരുന്നത് പോലെയാണ് മൂത്രം പോകുന്നത്. ദ്വാരം അടഞ്ഞു പോയെന്ന് ഡോക്ടർ പറഞ്ഞു. സർജറി നടത്തണമെന്നാണ് ഡോക്ടറുടെ നിർദേശം. അൾട്ര സൗണ്ട് സ്കാനിംഗ് ഉൾപ്പെടെ എല്ലാ പരിശോധനകളും നടത്തി. ജസ്റ്റൊന്ന് കീറി സ്റ്റിച്ചിട്ടിട്ട് കാര്യമില്ലെന്നാണ് ഡോക്ടർ പറയുന്നത്. ഉള്ളിലെ ഞരമ്പുകൾ മാറിയിരിക്കുകയാണ്. ഓപ്പൺ സർജറി ചെയ്ത് അത് ശരിയാക്കണം.’
‘ഈ മാസം 27നാണ് സർജറി. മൂത്രമൊഴിക്കാൻ ഇരിക്കാൻ പറ്റില്ല, ഇന്ത്യൻ ക്ലോസറ്റിൽ തീരെ പറ്റില്ല. ചിലപ്പോൾ നിന്നാണ് മൂത്രമൊഴിക്കുക. സഹിക്കാനാവില്ല. വേദന കൂടുമ്പോൾ വെപ്രാളപ്പെട്ട് പകുതി യൂറിൻ ഒഴിച്ച് വേഗം പോരും. മൂത്രമൊഴിക്കുമ്പോൾ സർജറി ചെയ്ത ഭാഗങ്ങളിലെല്ലാം ജീവൻ പോകുന്ന വേദനയാണ്. ഇത്രയും വർഷം മുക്കി മൂത്രമൊഴിക്കുമായിരുന്നു. ഇപ്പോൾ അതും പറ്റാതായി’ തൃപ്തി പറഞ്ഞു.
വെള്ളം കുടിക്കുന്നതിന് അനുസരിച്ച് മൂത്രമൊഴിക്കാൻ തോന്നും. എന്നാൽ അത് ഒഴിച്ച് കളയാൻ പറ്റുന്നില്ല. അഞ്ച് പത്ത് മിനിട്ട് ഇരുന്നാലേ മെല്ലെ മെല്ലെ മൂത്രം പോകുകയുള്ളു. അത്ര നേരം വേദന സഹിച്ച് ഇരിക്കണമെന്ന് തൃപ്തി പറയുന്നു.
Post Your Comments