കൊച്ചി: ഇസ്ലാമിക വർഗ്ഗീയതയെ വിമർശിച്ചു പോസ്റ്റുകൾ ഇടുമ്പോൾ തന്റെ ജാതിയും മുൻകാല പോസ്റ്റുകളുടെ വക്രീകരിച്ച ഓഡിറ്റും തെറിയും ഒക്കെ കൊണ്ടു കമന്റുകൾ നിറയ്ക്കുന്നുണ്ടെന്ന് അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് വാസുദേവൻ തനിക്കെതിരെയുള്ള വർഗ്ഗീയ വിമർശനങ്ങളെ ചൂണ്ടിക്കാട്ടിയത്. ഏകദൈവത്തിൽ വിശ്വാസിക്കുമ്പോഴും ഹിന്ദുമത വിശ്വാസങ്ങളെ സഹിഷ്ണുതയോടെ ബഹുമാനിക്കുന്ന മുസ്ലീങ്ങളും ബഹുഭൂരിപക്ഷം ഉള്ള നാടാണിതെന്നും അതുകൊണ്ടാണ്, ഇടയ്ക്കിടെ ഇരുവർഗ്ഗീയവാദികളും എണ്ണയും നെയ്യും ഒഴിച്ചിട്ടും ഈ നാടിനു തീ പിടിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
സംഘപരിവാറിനെ അതിശക്തമായി വിമർശിച്ചപ്പോഴെല്ലാം ലവ്വും ലൈക്കും കമന്റും ഇട്ടു ഇൻബോക്സിൽ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിച്ച ചിലർ ഞാൻ SDPI യേയും ഇസ്ലാമിക വർഗ്ഗീയതയെ വിമർശിച്ചു പോസ്റ്റുകൾ ഇടുമ്പോൾ എന്റെ ജാതിയും മുൻകാല പോസ്റ്റുകളുടെ വക്രീകരിച്ച ഓഡിറ്റും തെറിയും ഒക്കെ കൊണ്ടു കമന്റുകൾ നിറയ്ക്കുന്നുണ്ട്. ചിലരൊക്കെ ഭീഷണിയും. മുസ്‌ലിം വിരുദ്ധനും സംഘിയും ആക്കാനുള്ള ചാപ്പയ്ക്കും കുറവില്ല.
ആർ എസ് എസിന്റെ ഹിന്ദുത്വ ഐഡിയോളജിയെയും വർഗ്ഗീയതയെയും എതിർക്കുമ്പോൾ “ഹിന്ദുവിരുദ്ധൻ”, “സുടാപ്പികളുടെ ഫണ്ട് വാങ്ങി നക്കുന്നവൻ” എന്നൊക്കെ സംഘികൾ ചാപ്പയുമായി വന്നു.. അണികൾക്കിടയിൽ മെറിറ്റിൽ നിന്ന് ചർച്ചയെ മാറ്റുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. SDPI യുടെ ഇസ്ലാമിക വർഗീയതയെ വിമർശിക്കുമ്പോൾ സംഘിപ്പട്ടം ചാർത്താൻ, ഇസ്ലാമോഫോബിയ ആരോപിക്കാൻ സുഡാപ്പികളുടെ തിക്കും തിരക്കുമാണ് ഇന്ന്. “വക്കീൽ മുസ്‌ലീംവിരുദ്ധനാണ്” എന്നു വരുത്തിത്തീർത്താൽ പറയുന്നതിന്റെ മെറിറ്റ് അണികൾ അഡ്രസ് ചെയ്യില്ലല്ലോ.
വർഗ്ഗീയവാദികളെ, നിങ്ങളെന്താണീ നാടിനെപ്പറ്റി കരുതിയത്? ഇവിടത്തെ ഹിന്ദുവും മുസൽമാനും നിങ്ങളുടെ വർഗ്ഗീയ അജണ്ടകളിൽ വീഴുന്നവരെന്നോ? പരസ്പരമുള്ള വിഷം കുത്തി വെച്ചു ചാപ്പകളും നുണകളും ആയിട്ട് ഇറങ്ങിയാൽ വിശ്വസിക്കുന്നവരാണേന്നോ? ഹിന്ദു-മുസ്‌ലിം ഐക്യമെന്നത് ഈ നാടിന്റെ ജന്മം മുതലുള്ള സംസ്കാരമാണ്. ഭക്ഷണത്തിൽ, ആഘോഷങ്ങളിൽ, ആചാരങ്ങളിൽ, വസ്ത്രങ്ങളിൽ എല്ലാം കൊണ്ടും കൊടുത്തും തലമുറകളിലൂടെ ഇഴചേർന്ന സംസ്കാരമുള്ള ജനതയാണ് ഇവിടെ.
Read Also: ശരീഅത്തിനും സംസ്‍കാരത്തിനും വിരുദ്ധം: മാളില്‍ നിന്ന് കൂറ്റന്‍ ക്രിസ്‍മസ് ട്രീ നീക്കി
ഖുർആനിൽ വിശ്വാസമില്ലെങ്കിലും അതിനെ വിമർശിക്കുമ്പോൾ പോലും അത് വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള മുസ്ലിം സഹോദരരുടെ അവകാശത്തിനായി നിൽക്കുന്ന ഹിന്ദുക്കളും, ഏകദൈവത്തിൽ വിശ്വാസിക്കുമ്പോഴും ഹിന്ദുമത വിശ്വാസങ്ങളെ സഹിഷ്ണുതയോടെ ബഹുമാനിക്കുന്ന മുസ്ലീങ്ങളും ബഹുഭൂരിപക്ഷം ഉള്ള നാടാണിത്. അതുകൊണ്ടാണ്, ഇടയ്ക്കിടെ ഇരുവർഗ്ഗീയവാദികളും എണ്ണയും നെയ്യും ഒഴിച്ചിട്ടും ഈ നാടിനു തീ പിടിക്കാത്തത്.
ജനിച്ച മതത്തിന്റെ പേരിൽ, കഴിക്കുന്ന ഭക്ഷണത്തിന്റെ പേരിൽ, വിളിക്കുന്ന ദൈവത്തിന്റെ പേരിൽ മനുഷ്യരെ കൊല്ലുന്ന സാംസ്കാരിക ഫാസിസത്തിനും, പൗരത്വം നിഷേധിക്കുന്ന സർക്കാരിനും എതിരായി ഇന്നാട്ടിലെ ഭരണഘടനാ സംരക്ഷകരും മതേതര വിശ്വാസികളും ഒറ്റക്കെട്ടായി ആണ് സമരത്തിന് ഇറങ്ങിയത്.
ഹിന്ദു മതവിശ്വാസിയുടെ ഏജൻസി സംഘപരിവാറിനില്ല എന്നത് പോലെ തന്നെ, ഇന്നാട്ടിലെ ഇസ്‌ലാം മതവിശ്വാസികളുടെ ഏജൻസി സുഡാപ്പികൾക്ക് ഇല്ല. RSS ഉം SDPI ഉം പറഞ്ഞാൽ കത്തി കയ്യിലെടുക്കുന്ന വിശ്വാസികളല്ല ഇന്നാട്ടിൽ. ഒരാൾ നിങ്ങളുടെ വർഗ്ഗീയ അജണ്ടകൾക്ക് എതിരാണ് എന്നു കരുതി നിങ്ങൾ അവരെ എതിർഭാഗമായി ചാപ്പ കുത്തിയാൽ സ്വന്തം അണികൾ പോലും വിശ്വസിക്കുന്ന കാലമല്ല. നിങ്ങളെത്ര നുണകൾ അടിച്ചിട്ടും തെരഞ്ഞെടുപ്പുകളിൽ ഒരു ശതമാനം പോലും ആളുകളെ വർഗ്ഗീയവൽക്കരിക്കാൻ കഴിയാത്തത് ഈ നാടിന്റെ മതേതര സ്വഭാവത്തിന്റെ തെളിവാണ്.
തോളോട് തോള് ചേർന്നു നിന്ന്, ഹിന്ദു-മുസ്ലിം വർഗ്ഗീയതയിൽ നിന്ന് ഈ നാടിനെ രക്ഷിക്കാൻ, വിശ്വാസികളും അവിശ്വാസികളുമായ മനുഷ്യരുണ്ട് ഇവിടെ. അതിൽ വിഷം കലക്കാൻ, കൊലപാതകങ്ങളുമായി വന്നാലൊന്നും അതീ നാട്ടിൽ വിലപ്പോവില്ല. ഇത് കേരളമാണ്. എന്തൊക്കെ കുറ്റം പറഞ്ഞാലും ആ പ്രബുദ്ധത എങ്കിലും നമുക്ക് ബാക്കിയുണ്ട്.
ആലപ്പുഴയും ശാന്തമാകും. അതുവരെ, വർഗ്ഗീയവാദികളെ, നിങ്ങൾക്ക് അറിയാവുന്ന പണി നിങ്ങൾ തുടരൂ. ചെറുക്കാൻ ഇന്നാട്ടിലെ അവസാന മതേതര വിശ്വാസിയും രംഗത്തുണ്ടാകും. കൈവെട്ടും കാലുവെട്ടും എന്നു പേടിപ്പിക്കരുത്. ജോസഫ് മാഷിനെപ്പോലെ, അക്ഷരങ്ങളിലൂടെ ഈ നാട് മതേതരത്വം സംസാരിക്കും.
Post Your Comments