ദുബായ്: യു.എ.ഇയിലെ വ്യവസായ പ്രമുഖനായ മജീദ് അൽ ഫുത്തൈം അന്തരിച്ചു. ദുബായിലെ ഏറ്റവും പ്രബലരായ വ്യവസായികളിൽ മുൻനിരക്കാരനാണ് മജീദ് അൽ ഫുത്തൈം. വെള്ളിയാഴ്ചയായിരുന്നു മരണവിവരം സ്ഥിരീകരിച്ചത്.
ദീർഘവീക്ഷണമുള്ള ഒരു മാർഗദർശിയും, നിരവധി പേർക്ക് പ്രചോദനവുമായിരുന്നു മജീദ് അൽ ഫുത്തൈം. 1992-ലാണ് ഇദ്ദേഹം മജീദ് അൽ ഫുത്തൈം ഹോൾഡിങ് സ്ഥാപിച്ചത്. ഷോപ്പിംഗ് മാളുകളും മറ്റ് സ്ഥാപനങ്ങളുമായി പിന്നീടാ സംരംഭം മധ്യപൗരസ്ത്യ ദേശം മുഴുവൻ വ്യാപിച്ചു. 300 കാരിഫോർ മാർക്കറ്റുകളടക്കം നിരവധി സൂപ്പർ മാർക്കറ്റുകളും ഹൈപ്പർ മാർക്കറ്റുകളും അദ്ദേഹത്തിന്റേതായി ഇന്ന് നിരവധി രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. ഈയിടെ, അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 3,000 എമിറേറ്റ്സ് പൗരന്മാർക്ക് ജോലി നൽകുമെന്ന മജീദ് അൽ ഫുത്തൈമിന്റെ പ്രഖ്യാപനം ജനശ്രദ്ധയാകർഷിച്ചിരുന്നു.
യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, മജീദ് അൽ ഫുത്തൈമിന് ആദരാഞ്ജലികളർപ്പിച്ചു. അൽ ഫുത്തൈമിന്റെ വിയോഗം, ഒരു തീരാനഷ്ടമാണെന്ന് ലുലു ഗ്രൂപ്പ് ഉടമ യൂസഫലിയും വെളിപ്പെടുത്തി.
Post Your Comments