ദോഹ: ലോകകപ്പിനൊരുങ്ങുന്ന സ്വന്തം തട്ടകത്തിൽ കിരീടത്തോടെ അണിഞ്ഞൊരുങ്ങാമെന്ന ഖത്തറിന്റെ സ്വപ്നങ്ങള്‍ക്ക് സെമി ഫൈനലില്‍ തകർത്ത് അല്‍ജീരിയ. ഫിഫ അറബ് കപ്പിലെ ആതിഥേയരുടെ സ്വപ്നങ്ങള്‍ അല്‍ തുമാമ സ്‌റ്റേഡിയത്തിലെ പച്ചപ്പുല്‍ മൈതാനിയില്‍ തച്ചുടച്ച് (2-1) അല്‍ജീരിയ ഫിഫ അറബ് കപ്പ് ഫൈനലില്‍.
അടിമുടി നാടകീയമായിരുന്നു സെമിഫൈനല്‍. 59ാം മിനിറ്റിലെ ഗോളുമായി അല്‍ജീരിയയുടെ ലീഡ്. ഒമ്പതു മിനിറ്റ് പ്രഖ്യാപിച്ച ഇഞ്ചുറി ടൈമിന്റെ എട്ടാം മിനിറ്റില്‍ ഖത്തറിന്റെ സമനില ഗോള്‍. എക്‌സ്ട്രാടൈമിലേക്ക് സമയം തള്ളിനീക്കുന്നതിനിടെ 18 മിനിറ്റ് നീണ്ട ഇഞ്ചുറി ടൈമിന്റെ സായാഹ്‌നത്തില്‍ പെനാല്‍റ്റിയിലൂടെ അല്‍ജീരിയന്‍ വിജയം. ഒടുവില്‍ ആരവങ്ങളുമായി ഗാലറി നിറഞ്ഞ ആതിഥേയ കാണികളെ കണ്ണീരണിയിച്ച് ഖത്തറിന്റെ പുറത്താകല്‍.
തോല്‍വിയറിയാതെ കുതിച്ച ഖത്തറിനു മേല്‍ പൂര്‍ണാധിപത്യംപുലര്‍ത്തികൊണ്ടായിരുന്നു കിക്കോഫ് വിസില്‍ മുതല്‍ അല്‍ജീരിയന്‍ പോരാട്ടം. ഗോള്‍രഹിതമായിരുന്നു ഒന്നാം പകുതിയെങ്കിലും രണ്ടാം പകുതിയുടെ 59ാം മിനിറ്റില്‍ ജമില്‍ ബെന്‍ലാമ്രിയുടെ ഗോളിലൂടെ അല്‍ജീരിയ മുന്നിലെത്തി. മത്സരം അവസാനിക്കാൻ ഒമ്പത് മിനിറ്റ് പ്രഖ്യാപിച്ച ഇഞ്ചുറിടൈമിന്റെ എട്ടാം മിനിറ്റില്‍ മുഹമ്മദ് മുന്‍താരി ഖത്തറിന് സമനില സമ്മാനിച്ചു.
Read Also:- മുഖത്തെ പാടുകൾ അകറ്റി സൗന്ദര്യം വീണ്ടെടുക്കാൻ..!
ഇഞ്ചുറി ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ 17ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കിക്ക് അല്‍ജീരിയയുടെ ഫൈനലിലേക്കുള്ള തുറുപ്പ് ചീട്ടായി. യുസുഫ് ബിലൈലിയുടെ ഷോട്ട് ഖത്തര്‍ ഗോളി സാദ് അല്‍ ഷീബ് തടഞ്ഞെങ്കിലും, റീബൗണ്ട് കിക്ക് ബിലൈലി തന്നെ വലയിലാക്കി ടീമിന് വിജയം സമ്മാനിച്ചു. ഡിസംബർ 18ന് അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ അൽജീരിയ ടുണീഷ്യയെ നേരിടും.
Post Your Comments