ന്യൂഡല്‍ഹി : പ്രതിരോധ മേഖലയില്‍ ഇന്ത്യ അതിവേഗം കുതിക്കുന്നു. തദ്ദേശീയമായി നിര്‍മ്മിച്ച ടാങ്ക് വേധ മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. ഹെലികോപ്റ്ററില്‍ നിന്നും വിക്ഷേപിക്കാവുന്ന സ്റ്റാന്റ് ഓഫ് ടാങ്ക് വേധ മിസൈലിന്റെ പരീക്ഷണമാണ് വിജയിച്ചത്. രാജസ്ഥാനിലെ പൊഖ്രാനില്‍ നിന്നായിരുന്നു വിക്ഷേപണം. പരീക്ഷണത്തിനായി സ്ഥാപിച്ച ലക്ഷ്യം കൃത്യമായി ഭേദിച്ചായിരുന്നു മിസൈല്‍ മികവ് തെളിയിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ ഡിആര്‍ഡിഒ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുമായി സഹകരിച്ച് റിസര്‍ച്ച് സെന്റര്‍ ഇമ്രാത് ആണ് മിസൈല്‍ നിര്‍മ്മിച്ചത്. പത്ത് കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യം വരെ മിസൈല്‍ ഉപയോഗിച്ച് ഭേദിക്കാനാകും. ലക്ഷ്യം കൃത്യതയോടെ ഭേദിക്കുന്നതിനായി ആര്‍ട്ട് മില്ലീമീറ്റര്‍ വേവ് മിസൈലിനുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ട്.
സ്റ്റാന്റ് ഓഫ് ആയുധങ്ങളിലെ മൂന്നാം തലമുറയിലാണ് പരീക്ഷണം പൂര്‍ത്തിയായ ടാങ്ക് വേധ മിസൈല്‍ ഉള്‍പ്പെടുന്നത്. ലോംഗ് റേഞ്ച് ബോംബ്, സ്മാര്‍ട്ട് ആന്റി എയര്‍ഫീല്‍ഡ് വെപ്പണ്‍ എന്നിവയാണ് ഒന്നും, രണ്ടും തലമുറയില്‍പ്പെട്ട ആയുധങ്ങള്‍.
Post Your Comments