കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ മുന്‍ എംഎല്‍എയടക്കം അഞ്ചു സിപിഎം നേതാക്കള്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ്. ഡിസംബര്‍ 15ന് എറണാകുളം സിജെഎം കോടതിയില്‍ ഹാജരാകാനാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ കെ.വി കുഞ്ഞിരാമന്‍, സിപിഎം നേതാക്കളായ രാഘവന്‍ വെളുത്തോളി, കെ.വി ഭാസ്‌കരന്‍, ഗോപന്‍ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്.
Read Also : ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും മാനസിക പീഡനം: ബന്ധുവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത നിലയില്‍
ഡിസംബര്‍ ഒന്നിനാണ് സിബിഐ മുന്‍ എംഎല്‍എ അടക്കം അഞ്ചു സിപിഎം പ്രവര്‍ത്തകരെ കേസില്‍ പ്രതിചേര്‍ത്തത്. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ പുതുതായി 10 പേരെയാണ് സിബിഐ കേസില്‍ പ്രതി ചേര്‍ത്തത്. കേസില്‍ 20ാം പ്രതിയാണ് കുഞ്ഞിരാമന്‍. 14 പ്രതികളെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ആകെ 24 പ്രതികളാണ് കേസിലുള്ളത്. അതേസമയം കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികളുടെയും ജാമ്യാപേക്ഷ എറണാകുളം സിജെഎം കോടതി ഇന്നലെ തള്ളിരുന്നു. കാസര്‍കോട് ഏച്ചിലടക്കം ബ്രാഞ്ച് സെക്രട്ടറി രാജു, സുരേന്ദ്രന്‍, ശാസ്താ മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തളളിയത്.
പ്രതികള്‍ക്ക് ജാമ്യം കിട്ടിയാല്‍ കേസ് അട്ടിമറിക്കുമെന്ന സിബിഐയുടെ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതിയുടെ നടപടി. ഗൂഢാലോചന, കൊല്ലപ്പെട്ടവരുടെ യാത്ര വിവരങ്ങള്‍ കൈമാറുക, ആയുധങ്ങള്‍ നല്‍കുക, വാഹന സൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ ചെയ്തതായി അന്വേഷണസംഘം കണ്ടെത്തിയത്. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു അടക്കം അഞ്ചുപേരെ ഡിസംബര്‍ ആദ്യമാണ് സിബിഐ അറസ്റ്റ് ചെയ്തത്. കേസ് ഏറ്റെടുത്ത് ആറ് മാസത്തിന് ശേഷമാണ് സിബിഐ പ്രതികളെ അറസ്റ്റ് ചെയ്തത്.
സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ അടക്കം ഉള്‍പ്പെട്ട രാഷ്ട്രീയ കൊലപാതകമാണ് പെരിയയില്‍ നടന്നതെന്നാണ് സിബിഐ കണ്ടെത്തല്‍. 2019 ഫെബ്രുവരി 17ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. കാസര്‍കോട് കല്യോട്ട് വച്ച് ബൈക്കില്‍ പോകുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും അക്രമിസംഘം കൊലപ്പെടുത്തുകയായിരുന്നു.
Post Your Comments