നേപ്പാളിൽ ബാലവേലയുടെ മറവിൽ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി റിപ്പോർട്ട്. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടെന്നും ഇവർക്ക് കൃത്യമായ വേതനം പോലും ലഭിക്കുന്നില്ലെന്നും ബാലവേലക്കെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന വ്യക്തമാക്കുന്നു. ബാലവേലയുടെ മറവിൽ നടക്കുന്ന ലൈംഗിക ചൂഷണങ്ങളെ കുറിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സംഘടനാ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ബ്രിട്ടീഷ് ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ക്ലാരിസ (ചൈല്‍ഡ് ലേബര്‍ ആക്ഷന്‍ റിസര്‍ച്ച് പ്രോഗ്രാം) എന്ന സന്നദ്ധ സംഘടനയാണ് പഠനം നടത്തിയത്.
Also Read:ഗവർണറുടെ പ്രതികരണം: മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമെന്ന് കെ.സുരേന്ദ്രൻ
വീട്ടിലെ സ്ഥിതിഗതികൾ മൂലം ജോലി ചെയ്യാനായി ഗ്രാമപ്രദേശങ്ങളില്‍നിന്നും തലസ്ഥാന നഗരത്തിലേക്ക് എത്തുന്ന പെൺകുട്ടികൾക്ക് അതാത് ജോലിസ്ഥലങ്ങളിൽ നിന്നും നേരിടേണ്ടി വരുന്നത് ലൈംഗിക ചൂഷണങ്ങളാണ്. 400 -ലേറെ പെൺകുട്ടികളെയാണ് ഇത്തരത്തിൽ ബാലവേലയുടെ മറവിൽ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നത്. ഇവരെല്ലാം തങ്ങൾ അനുഭവിക്കുന്ന ദുരിതം സംഘടനയോട് തുറന്നു പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയതെന്ന് ക്ലാരിസയിലെ ഗവേഷക പ്രജ്ഞ ലാംസല്‍ ബിബിസിയോട് പറഞ്ഞു.
റിത (യഥാർത്ഥ പേരല്ല) എന്ന പെൺകുട്ടിയുടെ കഥ ഇങ്ങനെ:
നേപ്പാളിലെ ഒരു കുഗ്രാമത്തിലാണ് റിതയുടെ വീട്. മദ്യത്തിന്റെ അടിമയാണ് അമ്മ. അച്ഛന് മലേഷ്യയിലേക്ക് ജോലി ചെയ്യാന്‍ പോയി. പിന്നീട് കുടുംബത്തെ നോക്കിയല്ല. മറ്റ് വഴികളില്ലാതെ ആയതോടെയാണ് റിത തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ജോലി തേടി വന്നത്. ഒരു ഇഷ്ടിക ഫാക്ടറിയിലായിരുന്നു ആദ്യം ജോലി കിട്ടിയത്. പിന്നീട് വീട്ടുജോലി ചെയ്തു. അതിനു ശേഷം ഒരു ഹോട്ടലില്‍ പാചകപ്പണി. അതു കഴിഞ്ഞ് ഒരു കടയില്‍ സഹായിയായി നിന്നു. എവിടെ നിന്നാലും കൂലി വളരെ കുറവാണ്. ജോലി കൂടുതലും. കൂടെ ജോലിചെയ്യുന്ന മുതിര്‍ന്ന പുരുഷന്മാരുടെ ശാരീരിക ഉപദ്രവം ആണ് സഹിക്കാൻ കഴിയാത്തത്. തോന്നുമ്പോഴെല്ലാം അവര്‍ റിതയുടെ ദേഹത്ത് കേറിപ്പിടിക്കും. ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കും.
14 വയസ്സുള്ളപ്പോള്‍ ഒരു ബാറിലെ റസ്റ്റോറന്റില്‍ ജോലി കിട്ടി. അവിടെ മദ്യപിക്കാന്‍ എത്തുന്നവരോടൊപ്പം ഇരുന്നുകൊടുക്കണം. ചിലരൊക്ക ചുംബിക്കാന്‍ നോക്കും. ടോയ്ലറ്റില് പോവണം എന്ന് പറഞ്ഞാണ് എപ്പോഴും ഈ പെൺകുട്ടി രക്ഷപ്പെടാറുള്ളത്. പുരുഷന്മാര് നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ചതിന്റെയും നിര്‍ബന്ധിച്ച് അടുത്തുള്ള ഗസ്റ്റ് ഹൗസുകളിലോ മുറികളിലോ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്റെയും അനുഭവങ്ങളേറെ പറയാനുണ്ട് ഈ കുട്ടിക്ക്. സമാനമായ അനുഭവമാണ് ഇവിടെയുള്ള ഓരോ പെൺകുട്ടികൾക്കും പറയാനുള്ളത്.
Post Your Comments