ചണ്ഡിഗഡ്: പതിനേഴ് കാരിയായ രാജ്യാന്തര ഷൂട്ടിങ് താരത്തെ സ്വയം വെടിയുതിർത്തു മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ്. ഈ ആഴ്ച ആദ്യം ഡൽഹിയിൽ നടന്ന ദേശീയ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കാത്തതിലെ നിരാശ മൂലമാണ് താരം ജീവനൊടുക്കിയതെന്നാണ് പ്രധാനമിക നിഗമനം.
പഞ്ചാബിലെ ഫരീദ്കോട്ടിൽ വ്യാഴാഴ്ച രാവിലെയാണ് രാജ്യാന്തര ഷൂട്ടിങ് താരമായ ഖുഷ് സീരത് കൗർ സന്ധുവിനെ വീട്ടിൽ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. ഖുഷിന്റെ സ്വന്തം പിസ്റ്റളിൽനിന്നു തന്നെയാണ് വെടിയേറ്റിരിക്കുന്നത്. സംഭവത്തിൽ ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുക്കാനായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഫരീദ്കോട്ട് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഹർജിന്ദർ സിങ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്.
ദേശീയ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ, വ്യക്തിഗത വിഭാഗത്തിൽ ഖുഷിനു മെഡൽ നേടാൻ സാധിച്ചിരുന്നില്ല. ഖുഷ് അംഗമായ ജൂനിയർ സിവിലിയൻ വനിതാ ടീം മെഡൽ നേടിയിരുന്നു. തന്റെ മോശം പ്രകടനത്തിൽ ഖുഷ് നിരാശയിലായിരുന്നെന്നു ബന്ധുക്കൾ പറയുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
Post Your Comments