ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രാജ്യം. ഊട്ടി വെല്ലിങ്ടന്‍ മദ്രാസ് റെജിമെന്റ് സെന്ററിലെ പൊതുദര്‍ശനത്തിനുവച്ചശേഷം മൃതദേഹങ്ങള്‍ വിലാപയാത്രയായാണ് സുലൂരിലെ വ്യോമതാവളത്തില്‍ എത്തിച്ചത്. ഇവിടെനിന്നു പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്കു കൊണ്ടുപോയി. വെല്ലിംങ്ങ്ടണ്‍ സൈനിക പരേഡ് ഗ്രൗണ്ടില്‍ നിന്ന് റോഡ് മാര്‍ഗമായിരുന്നു വിലാപയാത്ര.
പരേഡ് ഗ്രൗണ്ടില്‍ പൂര്‍ണ്ണ ബഹുമതികള്‍ നല്‍കിയാണ് സൈനിക ഉദ്യോഗസ്ഥരെ യാത്രയാക്കിയത്. തമിഴ്‌നാട്ടിൽ നടന്ന അപകടത്തിൽ തങ്ങൾക്ക് ധീരസൈനികരെ രക്ഷിക്കാൻ ഒന്നും ചെയ്യാനായില്ലല്ലോ എന്ന വേദനയിലാണ് തമിഴ് മക്കൾ. ധീരസൈനികരുടെ ഭൗതിക ശരീരവും വഹിച്ചു കൊണ്ടുള്ള യാത്രയിൽ വഴിയോരത്തു കാത്തു നിന്നതു പതിനായിരങ്ങളാണ്. അവർ പുഷ്പ വൃഷ്ടി നടത്തിയാണ് അവരുടെ കണ്ണീർ പ്രണാമങ്ങൾ അർപ്പിച്ചത്.
കുന്നൂരില്‍ നിന്നും സുലൂര്‍ എത്തും വരെ വഴിയോരങ്ങളില്‍ പതിനായിരങ്ങള്‍ കാത്തുനിന്നു. ആംബുലന്‍സ് കടന്നു പോകുമ്പോള്‍ സല്യൂട്ട് നല്‍കിയത് കുഞ്ഞുങ്ങളും സ്ത്രീകളും അടക്കമുള്ള ജനസഞ്ചയമാണ്. ജനറല്‍ ബിപിന്‍ റാവത്തിന് ഏറെ ഹൃദയബന്ധമുള്ള വെല്ലിംങ്ങ്ടണ്‍ സൈനിക പരേഡ് ഗ്രൗണ്ടില്‍ നടന്ന പൊതുദര്‍ശനം ഏറെ വൈകാരികമായിരുന്നു.
വെല്ലിംങ്ങ്ടണിലെ സൈനിക പരേഡ് ഗ്രൗണ്ടില്‍ പലവട്ടം സല്യൂട്ട് നല്‍കുകയും പിന്നീട് സല്യൂട്ട് സ്വീകരിക്കുകയും ചെയ്തിട്ടുണ്ടാവണം ബിപിന്‍ റാവത്ത്. അതേ ഗ്രൗണ്ടില്‍ എം ഐ 17 വി 5 ഹെലിക്കോപ്ടറിലെ സഹയാത്രികരായിരുന്ന 13 പേര്‍ക്കൊപ്പം അദ്ദേഹം അന്ത്യാഭിവാദ്യം സ്വീകരിച്ചു. ജ്വലിക്കുന്ന ഓര്‍മ്മകളുടെ അകമ്പടിയോടെ നടന്ന അന്ത്യാഭിവാദ്യം ഏറെ വൈകാരികമായിരുന്നു.
Post Your Comments