കോഴിക്കോട്: വഖഫ് നിയമനം പിഎസ്സിക്ക് വിട്ട വിഷയത്തില്‍ മുഖ്യമന്ത്രി നല്കിയ ഉറപ്പില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍. വിഷയത്തില്‍ സമരത്തിനില്ലെന്നും ജിഫ്രി തങ്ങള്‍ ആവര്‍ത്തിച്ചു. വഖഫ് നിയമനവുമായി ബന്ധപ്പെട്ട് സമസ്ത ഇതുവരെ സമരം പ്രഖ്യാപിച്ചിട്ടില്ല. പ്രതിഷേധ പ്രമേയം പാസാക്കി മുഖ്യമന്ത്രിയെ കാണാമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കൂടിക്കാഴ്ച്ചയ്ക്കായി അദ്ദേഹം വിളിക്കുകയായിരുന്നുവെന്നും തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘വിഷയം സംസാരിച്ച് തീര്‍ക്കാമെന്ന നിലപാടായിരുന്നു മുഖ്യമന്ത്രി സ്വീകരിച്ചത്. അതിന്റെ ഭാഗമായാണ് ചൊവ്വാഴ്ച്ച ചര്‍ച്ച നടന്നത്. ചര്‍ച്ച അനുകൂലമായാല്‍ സമരത്തിന്റെ ആവശ്യമില്ലല്ലോ. അനുകൂലമല്ലെങ്കില്‍ അതിനനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കും’- ജിഫ്രി തങ്ങള്‍ പറഞ്ഞു. അതേസമയം നിയമം പിന്‍വലിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി. തുടര്‍ നടപടികള്‍ ബന്ധപ്പെട്ടവരുമായി ആലോചിച്ചതിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത സമരത്തിനില്ലെന്ന് വ്യക്തമാക്കിയ തങ്ങള്‍ പിന്നെയുള്ളത് പ്രതിഷേധമാണെന്നും പതിഷേധ പ്രമേയം പാസാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി.
Read Also: ബാബരി മസ്ജിദ് തിരിച്ചു പിടിക്കാൻ കുട്ടികളോട് ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്ത്
‘ലീഗെന്നല്ല, ഒരു പാര്‍ട്ടിയുമായി അകലമില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. വഖഫ് വിഷയത്തിനെതിരെ ലീഗ് നടത്തുന്ന പ്രക്ഷോഭ റാലി രാഷ്ട്രീയമാണ്. മുസ്ലിം സംഘടനകളുടെ പൊതു കോഡിനേഷന്‍ കമ്മിറ്റി സമസ്തക്കില്ല. തങ്ങന്മാര് വിളിക്കുമ്പോള്‍ കൂടിയിരുന്ന് ചര്‍ച്ച ചെയ്യുക എന്നതാണ് നിലപാട്’- ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ച്ച സമസ്ത നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് വഖഫ് നിയമന തീരുമാനം ഉടന്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. വിഷയത്തില്‍ വിശദമായ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായും സമസ്ത കേരള ജമിയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ല്യാര്‍ പറഞ്ഞു. ആലിക്കുട്ടി മുസ്ലിയാരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. വഖഫ് വിവാദത്തില്‍ പ്രതിഷേധം ഉയര്‍ത്തിയ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള മറ്റ് സംഘടനകളെ ചര്‍ച്ചക്ക് വിളിച്ചിരുന്നില്ല. വഖഫ് നിയമനം പിഎസ്സിക്ക് വിട്ട നടപടി റദ്ദാക്കണമെന്നായിരുന്നു സമസ്ത ഉയര്‍ത്തിയ പ്രധാന ആവശ്യം.
Post Your Comments