തായ്പെയ്: ചൈന നടത്തുന്ന സ്‌ട്രെയ്റ്റ്സ് ഫോറത്തിൽ പങ്കെടുക്കരുതെന്ന് മുന്നറിയിപ്പു നൽകി തായ്‌വാൻ. രാജ്യത്തെ എല്ലാ ഔദ്യോഗിക, അനൗദ്യോഗിക, സ്വകാര്യ സ്ഥാപനങ്ങളെയുമാണ് സ്‌ട്രെയ്റ്റ്സ് ഫോറത്തിൽ പങ്കെടുക്കരുതെന്ന് അധികാരികൾ വിലക്കിയിട്ടുള്ളത്. മെയിൻലാൻഡ് മിനിസ്ട്രി അംഗമായ ചിയു ചുയി-ചെങ്ങാണ് ഔദ്യോഗികമായി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ചൈന നേരിട്ട് നടത്തുന്ന സംസ്കാരിക, സാമ്പത്തിക, വ്യാപാര ഉച്ചകോടിയാണ് സ്‌ട്രെയ്റ്റ്സ് ഫോറം. 2009-ൽ ആരംഭിച്ച സ്‌ട്രെയ്റ്റ്സ് ഫോറത്തിന്റെ ലക്ഷ്യം, അടിസ്ഥാനപരമായി ചൈനീസ്- തായ്‌വാൻ സാംസ്കാരികതകളെ ഒരുമിപ്പിക്കുക എന്നാണ്. സാംസ്കാരിക ലയനം സാധ്യമാക്കിയാൽ തായ്‌വാൻ എളുപ്പത്തിൽ പിടിച്ചെടുത്തു ചൈനയുടെ ഭാഗമാക്കാമെന്ന് ഭരണകൂടം കരുതുന്നു.
‘ഏകീകൃത ചൈന’ എന്ന സങ്കല്പം അനുസരിച്ച്, തായ്‌വാൻ തങ്ങളുടെ ഭാഗമാണെന്ന് ചൈന കരുതുന്നു. ഈ സങ്കല്പം ഊട്ടിയുറപ്പിക്കാൻ, ഈ ഫോറത്തിലേക്ക് തായ്‌വാനിലെ സാംസ്കാരിക നായകന്മാരെയും ബുദ്ധിജീവികളെയും വ്യവസായികളെയും ചൈന ക്ഷണിക്കാറുണ്ട്. എന്നാൽ, ഏകീകൃത ചൈന നയത്തെ നഖശിഖാന്തം എതിർക്കുന്ന തായ്‌വാൻ, തങ്ങളുടെ പൗരന്മാരെ ചൈനീസ് സ്വാധീനത്തിൽ അകപ്പെടുത്താനുള്ള ചൈനയുടെ ശ്രമത്തെ രൂക്ഷമായി എതിർക്കാറാണ് പതിവ്.
Post Your Comments