തിരുവനന്തപുരം : ലഹരി പാര്‍ട്ടി നടന്ന തിരുവനന്തപുരത്തെ പൂവാര്‍ കാരക്കാട്ട് റിസോര്‍ട്ടില്‍ സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് എത്തിയത് വളരെ കൃത്യമായ പദ്ധതിയോടെയായിരുന്നു. ഒരു ചെറിയ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന റിസോര്‍ട്ടിലേക്ക് 15 മിനിറ്റോളം ബോട്ടില്‍ സഞ്ചരിച്ച് വേണം എത്താന്‍. ഉദ്യോഗസ്ഥ സംഘം പൂവ്വാറില്‍ എത്തിയാല്‍ തന്നെ വിവരം റിസോര്‍ട്ടിലുള്ളവര്‍ക്ക് ലഭിക്കും. ഇത്തരമൊരു വെല്ലുവിളി മുന്നിലുള്ളതിനാല്‍ ടൂറിസ്റ്റുകളാണെന്ന വ്യാജേനെയാണ് സംഘം അവിടെ എത്തിയത്. റിസോര്‍ട്ട് ഉടമയുടെ കൂടി ഒത്താശയോടെയാണ് ലഹരി പാര്‍ട്ടി സംഘടിപ്പിച്ചതെന്നാണ് എക്സൈസ് നിഗമനം. റിസോര്‍ട്ടിലെ സിസിടിവി ദൃശ്യങ്ങളും എക്സൈസ് ശേഖരിച്ചിട്ടുണ്ട്.
കൊച്ചിയില്‍ ലഹരി സംഘത്തിനെതിരെ അന്വേഷണം പുരോഗമിക്കുന്നിതിനിടെയാണ് പൂവാര്‍ കാരക്കാട്ട് റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി സംഘടിപ്പിക്കുന്നത്. മിന്നല്‍ പരിശോധനയില്‍ മാരക മയക്കുമരുന്നുകള്‍ വരെ കണ്ടെത്തി. പാര്‍ട്ടിയില്‍ പങ്കെടുത്ത സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഇരുപതുപേരെയും എക്സൈസ് കസ്റ്റഡിയിലെടുത്തു.
നിര്‍വാണ മ്യൂസിക് ഫെസ്റ്റിവല്‍ എന്ന പേരിലാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. ഇന്നലെ രാത്രി തുടങ്ങിയ ലഹരി പാര്‍ട്ടി ഇന്ന് ഉച്ചവരെ നീണ്ടു. മാരക മയക്കുമരുന്നായ എംഡിഎംഎയും, ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. ഇന്ന് രാത്രി വീണ്ടും പാര്‍ട്ടി നടക്കാനിരിക്കെയാണ് പരിശോധന. പാര്‍ട്ടി സംഘടിപ്പിച്ച ആര്യനാട് സ്വദേശി അക്ഷയ് മോഹന്‍ അടക്കം ഇരുപതുപേരെ എക്സൈസ് കസ്റ്റഡിയിലെടുത്തു. സ്ത്രീകള്‍ ഉള്‍പ്പെടെ ആകെ 50 പേര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തെന്നാണ് വിവരം
Post Your Comments