തിരുവല്ല: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിൻ്റെ കൊലപാതകത്തിൽ ബിജെപിക്ക് പങ്കുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സെക്രട്ടറി സ്ഥാനത്തേക്കു മടങ്ങിയെത്തിയശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസ്–ബിജെപി സംഘമാണു കൊലപാതകത്തിനു പിന്നിലെന്നും ഗൂഢാലോചനയ്ക്കുശേഷമാണു കൊലപാതകം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
‘ആർഎസ്എസുകാർ സിപിഎമ്മുകാരെ കൊലപ്പെടുത്തുന്നത് അവസാനിക്കുന്നില്ല. 2016ന് ശേഷം 20 സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടു. 15 പേരെ കൊലപ്പെടുത്തിയത് ബിജെപിയും ആർഎസ്എസുമാണ്. കൊല നടത്തി സിപിഎമ്മിനെ അവസാനിപ്പിക്കാനാകില്ല. കൊലയ്ക്കു പകരം കൊല എന്നത് സിപിഎമ്മിന്റെ മുദ്രാവാക്യമല്ല’, കോടിയേരി പറഞ്ഞു.
അതേസമയം, സന്ദീപിനെ കൊലപ്പെടുത്തിയ മുഴുവന്‍ പ്രതികളെയും പോലീസ് പിടികൂടി. എടത്വായില്‍ നിന്നാണ് അഞ്ചാം പ്രതി അഭിയെ പിടികൂടിയത്. മറ്റ് നാല് പ്രതികളെയും ഇന്നലെ രാത്രി ആലപ്പുഴ കരുവാറ്റയില്‍ നിന്ന് പിടികൂടിയിരുന്നു. അതിക്രൂരമായി സന്ദീപിനെ കുത്തികൊന്നതിന് പിന്നാലെ പ്രതികൾ രാത്രിയോടെ ഒളിവിൽപ്പോവുകയായിരുന്നു.
എന്നാല്‍ രാത്രി തന്നെ പ്രതികളെ സംബന്ധിച്ച് സൂചന ലഭിച്ച പൊലീസ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മൂന്ന് പേരെ പിടികൂടി. മുഖ്യപ്രതി ജിഷ്ണു രഘു, നന്ദു , പ്രമോദ് എന്നിവർ കരുവാറ്റയിലെ സുഹൃത്തിൻ്റെ വീട്ടിലായിരുന്നു. കണ്ണൂര്‍ സ്വദേശിയായ മറ്റൊരു പ്രതി മുഹമ്മദ് ഫൈസലിനെ കുറ്റൂരിലെ വാടക മുറിയിൽ നിന്നുമാണ് പിടികൂടിയത്.
Post Your Comments