
സർപ്പ ദംശനത്തിൽ നിന്നും മോചനമേകാൻ അച്ചൻകോവിൽ. എത്ര കൊടിയ പാമ്പു വിഷമാണെങ്കിലും, ഏതെല്ലാം ആശുപത്രികൾ കൈവിട്ടതാണെങ്കിലും പത്തനംതിട്ടയിലെ അച്ചൻകോവിൽ ക്ഷേത്രത്തിലേക്ക് പോയാൽ രക്ഷപെടുമെന്നാണ് വിശ്വാസം. വിഷഹാരിയായ അയ്യപ്പന്‍റെ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. അയ്യപ്പന്റെ വലതു കയ്യിൽ എപ്പോഴും ചന്ദനം അരച്ചു വച്ചിരിക്കും.
വിഷം തീണ്ടി എത്തുന്നവർ അമ്പലത്തിലെ കിഴക്കേനടയിലെ മണിയടിച്ച് ഏതു പാതി രാത്രിയിലും ചികിത്സാ സഹായം ചോദിക്കാം എന്നാണ് വിശ്വാസം. ഇതിനും കൂടിയായി രണ്ടു ശാന്തിക്കാരാണ് ക്ഷേത്രത്തിലുള്ളത്. വിഷംതീണ്ടി ആളെത്തിയാൽ സമയം പോലും നോക്കാതെ കുളിച്ച് നട തുറന്ന് ശാന്തിക്കാരൻ ശാസ്താവിന്റെ കയ്യിൽ നിന്നും ചന്ദനമെടുത്ത് തീർഥത്തില്‍ ചാലിച്ച് കൊടുക്കും, പിന്നീട് വിഷമിറങ്ങി സുഖമാകുന്നതു വരെ ഇവിടെ കഠിനമായ പഥ്യങ്ങളോടെയും നിഷ്ഠകളോടെയും ചികിത്സ തുടരും. ആദ്യദിവസം കടുംചായ മാത്രം. പിന്നീടുള്ള ദിവസം ഉപ്പു ചേർക്കാത്ത പൊടിയരിക്കഞ്ഞി. ദാഹിക്കുമ്പോൾ ക്ഷേത്രക്കിണറ്റിലെ ജലം മാത്രം. വിഷം പൂർണ്ണമായി മാറിയ ശേഷം മാത്രമേ രോഗിയെ വിട്ടയക്കൂ.
പത്തനാപുരം താലൂക്കിൽ സ്ഥിതിചെയ്യുന്ന അച്ചൻകോവിൽ ശാസ്താക്ഷേത്രം പരശുരാമൻ സ്ഥാപിച്ചതാണെന്നാണ് ഐതിഹ്യം. പത്നീസമേതനായ ശാസ്താവിന്റെ പ്രതിഷ്ഠ നടന്നത് കൊല്ലവർഷം 1106 മകരം 12നാണ്. ധനു ഒന്നു മുതൽ പത്തുവരെ നടക്കുന്ന ‘മണ്ഡലപൂജ’ എന്ന ഉൽസവവും, മകരത്തിലെ ‘രേവതിപൂജ’ എന്ന പ്രതിഷ്ഠാദിനവുമാണ് ഇവിടുത്തെ മുഖ്യ ഉത്സവങ്ങൾ.
Post Your Comments