കൊച്ചി: ആലുവയില്‍ നിയമ വിദ്യാര്‍ത്ഥിനി മോഫിയ ആത്മഹത്യ ചെയ്ത കേസില്‍ പ്രതികള്‍ പിടിയില്‍. മോഫിയയുടെ ഭര്‍ത്താവ് സുഹൈല്‍, ഇയാളുടെ പിതാവ് യുസൂഫ്, മാതാവ് റുഖിയ എന്നിവരാണ് പിടിയിലായത്. പ്രതികള്‍ കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് സുഹൈലും കുടുംബവും പൊലീസിന്റെ പിടിയിലായത്. ആത്മഹത്യാ പ്രേരണ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം ഭര്‍ത്താവിന്റെ വീട്ടില്‍ മകള്‍ക്ക് അനുഭവിക്കേണ്ടി വന്നത് ക്രൂര പീഡനമാണെന്ന് മോഫിയയുടെ പിതാവ് കെ സലീം. സിനിമ നിര്‍മിക്കാന്‍ പണം ആവശ്യപ്പെട്ട് മകളെ ഭര്‍ത്താവ് സുഹൈല്‍ നിരന്തരം മര്‍ദ്ദിച്ചുവെന്നും, ശരീരം മുഴുവന്‍ പച്ചകുത്താന്‍ ഇയാള്‍ മകളോട് ആവശ്യപ്പെട്ടിരുന്നുവെന്നും പിതാവ് പറഞ്ഞു.
ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയായിരുന്നു സുഹൈലെന്നും, മോഫിയയുടെ കൈ തിരിച്ച് ഒടിക്കാന്‍ ശ്രമിച്ചെന്നും സലീം വെളിപ്പെടുത്തി. നീതി കിട്ടാനായി ഏതറ്റംവരെയും പോകുമെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.കുട്ടി സഖാവ് എന്ന് വിളിക്കുന്ന സുഹൈലിന്റെ ബന്ധുവും സി ഐയും ചേര്‍ന്ന് പരാതി ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്നും സലീം ആരോപിച്ചു. നീതി നിഷേധിച്ച സിഐ സുധീറിനെ സസ്പെന്‍ഡ് ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടു.
മോഫിയയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്ന സി ഐ സുധീറിനെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടായേക്കും. ഗാര്‍ഹിക പീഡനത്തിനെതിരെ പരാതി നല്കാന് എത്തിയ മോഫിയയോട് സി ഐ മോശമായി പെരുമാറിയെന്നാണ് ആരോപണം. മോഫിയയുടെ പരാതി പരിഗണിച്ച സമയത്ത് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ സംഭവിച്ച കാര്യങ്ങളില്‍ അന്വേഷണസ൦ഘ൦ ഇന്ന് വ്യക്തത വരുത്തും.സി ഐ തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് മറ്റൊരു യുവതിയും രംഗത്തെത്തിയിട്ടുണ്ട്. മോഫിയയോട് സി ഐ ഉച്ചത്തില്‍ സംസാരിക്കുന്നത് കേട്ടെന്നും യുവതി പറഞ്ഞു.
Post Your Comments