
ഡല്‍ഹി: ഇന്ത്യയിലെ ഹൈന്ദവ വിഗ്രഹങ്ങള്‍ നശിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് ഐസിസ് മാഗസിന്‍. കര്‍ണാടകയിലെ മുരുഡേശ്വരിലെ ‘ശിരഛേദം’ ചെയ്ത ശിവ വിഗ്രഹത്തിന്റെ ചിത്രം കവര്‍ ഫോട്ടോ ആക്കിയാണ് മാഗസിന്‍ പുതിയ ലക്കം പുറത്തിറക്കിയത്. വോയ്‌സ് ഓഫ് ഹിന്ദ് എന്ന പേരിലുള്ള മാസിക ഇസ്ലാമിക് സ്റ്റേറ്റ് പുറത്തിറക്കിയതിൽ ‘വ്യാജദൈവങ്ങളെ തകർക്കാനുള്ള സമയമായി’ എന്ന കുറിപ്പും ഉണ്ട്.
ഇത് കൂടാതെ ശിവഭഗവാന്റെ തകർന്ന വിഗ്രഹത്തിന്റെ അഗ്രഭാഗത്ത് ഇസ്ലാമിക ഭീകര സംഘടനയുടെ പതാകയും സ്ഥാപിച്ചിട്ടുണ്ട്. 2020 ഫെബ്രുവരിയിൽ ഇസ്ലാമിക ഭീകര സംഘടനയുടെ ഭാഗമായ അൽ-ഖിതാൽ മീഡിയ സെന്ററും, ജുനുദുൽ ഖിലാഫ അൽ-ഹിന്ദും ചേർന്നാണ് ‘വോയ്സ് ഓഫ് ഹിന്ദ്’ എന്ന മാസിക പുറത്തിറക്കിയത്. 2021 സെപ്റ്റംബറിൽ ദേശീയ അന്വേഷണ ഏജൻസി പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം പാകിസ്താനിലും ബംഗ്ലാദേശിലും നിന്നാണ് മാസിക എത്തുന്നത്.
അഫ്ഗാനിസ്താനിൽ നിന്നാണ് മാസിക എത്തുന്നതെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ദക്ഷിണ കശ്മീരുമായി ബന്ധമുള്ള ഇസ്ലാമിക ഭീകരരാണ് ഇതിനു പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. പാകിസ്താനിൽ നിന്നാണ് മാസിക എഡിറ്റ് ചെയ്യപ്പെടുന്നതെന്നാണ് നിഗമനം. ചിത്രത്തിലെ വിഗ്രഹം, കർണാടകയിലെ മുരുഡേശ്വറിലുള്ള ശിവന്റെ വിഗ്രഹത്തോട് സാമ്യമുള്ളതാണ്. അതിനാൽ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച ഈ ചിത്രം ജനങ്ങൾക്കിടയിൽ ആശങ്ക ഉയർത്തുകയാണ്.
കർണാടകയിൽ നിന്നുള്ള ബിജെപി എംഎൽഎ ദിനകർ കേശവ് ഷെട്ടിയാണ് സമൂഹമദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ‘ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ വോയ്സ് ഓഫ് ഹിന്ദ് എന്ന മാഗസിൻ മുരുഡേശ്വേര ക്ഷേത്രത്തിലെ ശിവ പ്രതിമ തകർക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഹിന്ദു ക്ഷേത്രങ്ങളുടെ സംരക്ഷണവും വികസനവും ഞങ്ങളുടെ പാർട്ടിയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. ഇത്തരം ഭീഷണികൾക്കെതിരെ പ്രവർത്തിക്കാൻ നമ്മുടെ പ്രതിരോധ വകുപ്പ് സുസജ്ജമാണ്. ആഭ്യന്തരമന്ത്രിക്ക് ഇത് സംബന്ധിച്ച വിവരം കൈമാറിക്കഴിഞ്ഞു. മുരുഡേശ്വര ക്ഷേത്രത്തിൽ കൂടുതൽ സുരക്ഷ ഉടൻ ഒരുക്കും’ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Post Your Comments