തമിഴ്നാട്: ആട് മോഷ്ടാക്കള്‍ എസ്.ഐയെ വെട്ടിക്കൊന്നു. തിരുച്ചിറപ്പള്ളിയിലാണ് സംഭവം നടന്നത്. പുലര്‍ച്ചെ ബൈക്കില്‍ പട്രോളിങ് നടത്തുന്നതിനിടെയാണു നാവല്‍പ്പെട്ടു സ്റ്റേഷനിലെ എസ്.ഐ ഭൂമിനാഥനാണ് ദാരുണമായി കൊല്ലപ്പെട്ടത്. കവര്‍ച്ചാ സംഘത്തെ പിടികൂടുന്നതിനിടെ മൂര്‍ച്ചയേറിയ കത്തികൊണ്ടു വെട്ടി വീഴ്ത്തുകയായിരുന്നു. എസ്.ഐയുടെ കുടുംബത്തിന് തമിഴ്നാട് സര്‍ക്കാര്‍ ഒരു കോടി രൂപ ആശ്വാസ ധനസഹായം പ്രഖ്യാപിച്ചു.
നാവല്‍പ്പെട്ടു സ്റ്റേഷനിലെ എസ്.ഐ സി.ഭൂമിനാഥനും മറ്റൊരു പൊലീസുകാരനും പതിവ് രാത്രികാല ബൈക്ക് പട്രോളിങിലായിരുന്നു. പുലര്‍ച്ചെ രണ്ടരയോടെ കീരനൂര്‍ എന്ന സ്ഥലത്തു വച്ച് രണ്ടുപേര്‍ ബൈക്കില്‍ ആടുമായി പോകുന്നതു കണ്ടു. കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയ സംഘത്തെ ഭൂമിനാഥനും കൂടെയുണ്ടായിരുന്ന പൊലീസുകാനും പിന്തുടര്ന്നു. തിരുച്ചറപ്പള്ളി പുതുക്കോട്ട ദേശീയപാതയില്‍ക്കൂടി കുതിച്ച സംഘത്തെ കീരനൂര്‍ കലമാവ് റെയില്‍വേ സ്റ്റേഷനു സമീപം ഭൂമിനാഥന്‍ പിടികൂടി. മറ്റൊരു ബൈക്കില്‍ വരികയായിരുന്ന സഹപ്രവർത്തകനെ കാത്തിരിക്കുന്നതിനിടെ മോഷ്ടാക്കൾ മൂര്‍ച്ചയേറിയ കത്തികൊണ്ടു ആക്രമിക്കുകയായിരുന്നു.
തലയ്ക്കു മാരകമായ വെട്ടേറ്റ ഭൂമിനാഥന്‍ സംഭവസ്ഥലത്തുവച്ചു മരിച്ചു. കൂടെയുണ്ടായിരുന്ന പൊലീസുകാരന് സ്ഥലത്ത് എത്തുന്നതിനു മുന്‍പേ അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. വിവരമറിഞ്ഞു മധ്യമേഖലാ ഡി.ഐ.ജി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പുലര്‍ച്ചെ സ്ഥലത്തേക്കു കുതിച്ചെത്തി. പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കി ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ, ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
Post Your Comments