കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ വീണ്ടും ദുരൂഹത. കൊല്ലപ്പെട്ട മോഡലുകളെ നേരത്തെയും അജ്ഞാത വാഹനം പിന്തുടർന്നിരുന്നെന്ന് പരാതി. കൊല്ലപ്പെട്ട അഞ്ജന ഷാജന്‍റെ ബന്ധുക്കൾ ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ചിന് പരാതി നൽകി. ഇതിനിടെ അപകടത്തിൽ അസ്വഭാവികത ഉണ്ടായിരുന്നോ എന്ന് കണ്ടെത്താൻ ഇടിച്ച കാറിന്‍റെ ഫൊറൻസിക് പരിശോധന നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചു. കൊല്ലപ്പെട്ട മോഡൽ അഞ്ജനെ ഷാജന്‍റെ വീടായ തൃശൂർ കൊടകയ്ക്ക് സമീപം മരണത്തിന് ഒരാഴ്ച മുമ്പായിരുന്നു അഞ്ജനയുടെ കാറിനെ അജ്ഞാത വാഹനം പിന്തുടർന്നത്.
അജ്ഞാത വാഹനം പിന്തുടരുന്നത് ശ്രദ്ധയിൽപ്പെട്ടതായി തദ്ദേശഭരണ സ്ഥാപനത്തിലെ അംഗം വീട്ടുകാരെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് അഞ്ജനയുടെ കുടുംബം ക്രൈംബ്രാഞ്ചിൽ പരാതി നൽകിയത്. അപകടത്തിന് മുമ്പ് കൊച്ചിയിൽ മോഡലുകൾ സഞ്ചരിച്ച കാറിനെ പിന്തുർന്ന വാഹനം ഇതുതന്നെയായിരുന്നോ എന്നും ഫോർട്ട് കൊച്ചിയിലെ ഹോട്ടലിന് സമീപം ഈ വാഹനം ഉണ്ടായിരുന്നോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
കൊല്ലപ്പെട്ട ദിവസം മോഡലുകളെ പിന്തുടർന്ന് വാഹനം ഓടിച്ചിരുന്ന സൈജു തങ്കച്ചനെ വിശദമായി ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചു. സൈജു നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. ഇതിന് ശേഷമാകും നടപടി. ഇതിനിടെ മോഡലുകളുടെ അപകടത്തിനിടയാക്കിയ കാറിന്‍റെ ഫൊറൻസിക് പരിശോധന ഉടൻ നടത്താനും അന്വേഷണ സംഘം തീരുമാനിച്ചു. മദ്യലഹരിയിൽ ഉണ്ടായ അപകടത്തിനപ്പുറം എന്തെങ്കിലും ഉണ്ടോ എന്ന് കണ്ടെത്താനാണ് പരിശോധന. അപകടത്തിന് മുമ്പ് കാറിന്‍റെ ബ്രേക്ക് ഫ്ലൂയിഡ് ചോർന്നിരുന്നോ എന്ന സംശയത്തിനും ഇതോടെ ഉത്തരമാകും.
Post Your Comments