
തിരുവനന്തപുരം: സിപിഎം കേരള സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണൻ മടങ്ങിവരുമോ എന്ന കേരള സമൂഹത്തിൽ ഉയർന്ന ചോദ്യത്തിന് പാർട്ടിയും കോടിയേരിയും ഇതുവരെയും കാര്യമായി പ്രതികരിച്ചിട്ടില്ല. കോടിയേരിയുടെ മടങ്ങിവരവിൽ ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് നിർണായക തീരുമാനം കൈകൊള്ളുമെന്നാണ് പ്രതീക്ഷ.
കോടിയേരി മടങ്ങിവരുമെന്ന സൂചന നേതാക്കൾ നൽകുമ്പോഴും തീരുമാനം വൈകുകയാണ്. പിബി യോഗത്തിന് ശേഷം ചേരുന്ന സെക്രട്ടറിയേറ്റിൽ പിബിയിലെ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യും. ഇന്ധന വിലവർദ്ധനവിൽ കൂടുതൽ നികുതി ഇളവ് ആവശ്യപ്പെട്ട് സിപിഎം തീരുമാനിച്ച കേന്ദ്ര വിരുദ്ധ സമരവും ഒപ്പം സംസ്ഥാനത്തെ വികസന പദ്ധതികൾ കേന്ദ്രം തടസപ്പെടുത്തുന്നത് ഉയർത്തി എൽഡിഎഫ് തീരുമാനിച്ച പ്രതിഷേധവും മുന്നിൽ നിൽക്കെ കൂടുതൽ കേന്ദ്ര വിരുദ്ധ സമരത്തിലേക്കും സിപിഎം കടക്കുകയാണ്. സിഎജി കിഫ്ബി വിവാദവും യോഗത്തിൽ ഉയർന്നേക്കും.
അതേസമയം മടങ്ങിവരവ് സംബന്ധിച്ച ചോദ്യം ഇന്നലെ വീണ്ടുമുയർന്നപ്പോഴും ഒഴിഞ്ഞു മാറുന്ന മറുപടിയാണ് കോടിയേരിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. തിരിച്ചുവരവ് തീരുമാനം എടുക്കുമ്പോൾ ഏവരെയും അറിയിക്കുമെന്നായിരുന്നു മാധ്യമ പ്രവർത്തകരോടുള്ള കോടിയേരിയുടെ മറുപടി. കോടിയേരി സെക്രട്ടറി സ്ഥാനത്ത് മടങ്ങിയെത്തുന്ന കാര്യത്തിൽ സംസ്ഥാനത്ത് തീരുമാനമെടുത്താൽ മതിയെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് തീരുമാനമെടുത്തശേഷം കേന്ദ്ര നേതൃത്വത്തെ അറിയിച്ചാല്‍ മതിയെന്നാണ് പി ബിയുടെ നിലപാട്.
Post Your Comments