തിരുവനന്തപുരം: കേരളത്തിൽ അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങളുടേയും പ്രകൃതിക്ഷോഭങ്ങളുടേയും പശ്ചാത്തലത്തിൽ പുതിയ കാലത്തിന് ഉതകുന്ന രീതിയിലുള്ള ഭവന നയം രൂപീകരിക്കുമെന്നു റവന്യു – ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ. സംസ്ഥാന ഭവന നിർമാണ ബോർഡിൽ പുതിയതായി പ്രവേശിച്ച എൻജിനിയർമാർക്കുള്ള പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രകൃതിക്കിണങ്ങും വിധമുള്ള ഭവന നിർമാണത്തിനു മുൻഗണന നൽകണമെന്നു മന്ത്രി പറഞ്ഞു. ഭവന നിർമാണ ബോർഡിനു ബൃഹത്തായ പരിശീലന കേന്ദ്രം സ്ഥാപിക്കും. ഇതിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റും. വിവിധ നിർമാണ വകുപ്പുകളിലായി ജോലി ചെയ്യുന്ന സാങ്കേതിക ഉദ്യോഗസ്ഥർക്ക് ഇതിലൂടെ വർഷം തോറും പരിശീലനം നൽകും. കെട്ടിട നിർമാണ രംഗത്ത് അത്യാധുനിക സാങ്കേതിക വിദ്യകൾ മനസിലാക്കുന്നതിനും പ്രയോഗത്തിൽ വരുത്തുന്നതിനും ഈ കേന്ദ്രത്തിലൂടെ സാധ്യമാകും. ഉദ്യോഗസ്ഥർ സാമൂഹ്യ പ്രതിബദ്ധതയോടെ ഇടപെടലുകൾ നടത്തണമെന്നും മന്ത്രി പറഞ്ഞു.
സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിൽ നടന്ന ചടങ്ങിൽ ഹൗസിങ് കമ്മിഷണർ എൻ. ദേവീദാസ്, ചീഫ് എൻജിനിയർ കെ.പി. കൃഷ്ണകുമാർ, സി എം ഡി കോർഡിനേറ്റർ പ്രൊഫ. കെ. വർഗീസ്, ഡോ. എ. സതീശൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Read Also: ഇന്ത്യയില്‍ സാമൂഹ്യ മാധ്യമങ്ങള്‍ നിരോധിക്കണം: ഇക്കാര്യത്തിൽ ചൈനയെ മാതൃകയാകണമെന്ന് ആര്‍എസ്എസ് നേതാവ്
Post Your Comments