സർവ ഐശ്വര്യത്തിന്റെയും പ്രതീകമാണ് വിളക്ക്. എല്ലാ ശുഭകാര്യങ്ങളും ദീപം തെളിച്ച് തുടങ്ങുന്നതു നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. തിരി തെളിക്കുന്നത് ഓംകാരധ്വനിയിൽ മനസ്സിലെ ഇരുട്ട് അകറ്റുന്നു എന്നാണ് ഭാരതീയ വിശ്വാസം.
വീട്ടിലായാലും ആഘോഷ പരിപാടികളിലായാലും തിരി തെളിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. രാവിലെയായാലും വൈകിട്ടായാലും നിലവിളക്കു കൊളുത്തുന്നതിനു മുൻപ് ആദ്യം വീട് വൃത്തിയാക്കണം. അതിനു ശേഷം വേണം വിളക്ക് കൊളുത്തുവാൻ. നിലവിളക്കും നല്ല പോലെ വൃത്തിയാക്കണം. നിത്യവും ഇങ്ങനെ ചെയ്യുന്നതിലൂടെ വീട്ടിലേക്ക് ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം.
വീട്ടിലെ ഐശ്വര്യത്തിന് നിലവിളക്ക് കത്തിക്കുന്നതാണ് ഉത്തമം. അഞ്ചു വെട്ടുകളുള്ള വിളക്കാണ് ഏറ്റവും നല്ലത്. തീപ്പെട്ടി ഉരച്ച് നേരിട്ട് വിളക്കിൽ കത്തിക്കരുത്. കൊടിവിളക്കോ അതില്ലെങ്കിൽ ചെരാതോ ആദ്യം കത്തിച്ചിട്ട് അതിൽ നിന്നേ നിലവിളക്കിലേക്ക് ദീപം പകരാവൂ.
ഒറ്റത്തിരിയിട്ടു കൊളുത്തുന്നത് മഹാവ്യാധിയും രണ്ടു തിരി ധനാഭിവൃദ്ധിയും മൂന്നു തിരി കുടുംബത്തിൽ മ്ലാനത, അലസത എന്നിവയും നാലുതിരി ദാരിദ്ര്യവും അഞ്ചു തിരി സർവൈശ്യര്യവുമെന്ന് വിധിയുണ്ട്. ഏഴോ അതിന്റെ ഗുണിതങ്ങളോ ആയി തിരിയിട്ട് വിളക്ക് കത്തിച്ചാൽ കുടുംബത്തിൽ അഭിവൃദ്ധിയും ഐശ്വര്യവും സർവമംഗളങ്ങളും ഉണ്ടാകുമെന്നാണ് സങ്കൽപം
ഒരു കാരണവശാലും വിളക്കു കൊളുത്തിക്കഴിഞ്ഞ ഉടനെ ഉറങ്ങരുത്. ഈ നേരത്തു ഭക്ഷണം കഴിക്കരുത്. പഠിക്കരുത് എന്നെല്ലാം കാരണവൻമാർ പറയും. ഇതിന് കാരണങ്ങളുണ്ട്. ഈ സമയത്ത് ശരീരം പൊതുവെ ദുർബലമായ അവസ്ഥയിൽ ആയിരിക്കും. ഈ സമയത്ത് തലച്ചോറിന്റെ പ്രവർത്തനവും മെല്ലെയാകുന്നു. ഇത്തരം കാരണങളാണ് ഇതിന് പിന്നിൽ പറയുന്നത്. അതുകൊണ്ടു തന്നെ പോസിറ്റിവിറ്റി നിറയ്ക്കാൻ, ഊർജ്ജം നേടാൻ ഈ സമയത്ത് വിളക്ക് കൊളുത്തി നാമം ജപിക്കുന്നതു നല്ലതാണ്.
Post Your Comments