അഞ്ജു പാർവ്വതി പ്രഭീഷ്
തിരുവനന്തപുരം: ഇന്ത്യയ്ക്ക് പുറത്ത് കാണാം രണ്ടേ രണ്ട് ശത്രുക്കൾ ! എന്നാൽ ഇന്ത്യയ്ക്കകത്ത് കാണാം നൂറായിരം ശത്രുക്കൾ ! പലപ്പോഴും ഉറക്കെ വിളിച്ചുപറഞ്ഞിട്ടുള്ള കാര്യമാണിത്. യഥാര്‍ത്ഥത്തില്‍ ഇന്ത്യ ഭയക്കേണ്ടത് ചൈനയേയോ പാക്കിസ്ഥാനെയോ അല്ല. ലോക ജനതയ്ക്ക് മുന്നിൽ നമ്മുടെ രാജ്യം തല കുനിച്ച് നില്ക്കണമെന്നാഗ്രഹിക്കുന്നത് ചൈനയോ പാക്കിസ്ഥാനോ അല്ല; മറിച്ച് പുരോഗമനത്തിന്റെയും നവോത്ഥാനത്തിന്റെയും യുക്തിവാദത്തിന്റെയും പേരിൽ ചെങ്കൊടിയുടെ മറവില്‍നിന്നും കള്ളവേഷം കെട്ടിയാടുന്ന ,ചോറിങ്ങും കൂറങ്ങുമായി നമുക്കൊപ്പം ജീവിക്കുന്ന കുറെ സ്യൂഡോ ലിബറൽവാദികളാണ്.
ലളിതകലാ അക്കാദമിയും അവാർഡുമൊക്കെ ഇടതുപക്ഷത്തിന്റെ അടുപ്പിൽ വേവുന്ന ഏതൊരു അമേദ്യത്തെയും അമൃതായി കാണുന്ന കോമഡി പീസാണെന്ന് അറിയാതെയല്ല ; പക്ഷേ ആവിഷ്കാരസ്വാതന്ത്ര്യമെന്നതിന്റെ പേരിൽ പെറ്റമ്മയുടെ തന്നെ തുണിയുരിയുന്ന ചെറ്റത്തരം കാണിച്ചാലും അത് മഹത്തരമെന്നു കല്പിച്ച് പട്ടും വളയും നല്കുന്നതിനെ വിമർശിക്കാതിരിക്കാൻ തരമില്ലല്ലോ. കൊവിഡ് – 19 ഗ്ലോബൽ മെഡിക്കൽ സമ്മിറ്റിനെ മുൻനിറുത്തി ഒരുത്തൻ വരച്ച കാർട്ടൂൺ അവന്റെ ആവിഷ്കാരസ്വാതന്ത്ര്യമായിരിക്കാം. അത് അവന്റെ ചോയ്സ് ; അവന്റെ ചിന്താഗതി ! പക്ഷേ കലയെന്ന പേരിൽ അവൻ വരച്ചുകൂട്ടിയ തോന്നിവാസത്തെ പട്ടും വളയുമിട്ട് വാഴിച്ച കുബുദ്ധിയെ ചോദ്യം ചെയ്തേ തീരൂ !
നൂറ്റി മുപ്പത്തിയേഴ് കോടി ജനതയുടെ ആത്മാഭിമാനത്തെ അപമാനിക്കുന്ന ആ കാർട്ടൂണിൽ എന്ത് മെറിറ്റാണ് അവാർഡ് കമ്മിറ്റിക്ക് കാണുവാൻ കഴിഞ്ഞത് ? മാതൃരാജ്യത്തെ അപമാനിക്കുന്നതാണ് അവാർഡിന്റെ മാനദണ്ഡമെങ്കിൽ ഏറ്റവും രാജ്യദ്രോഹിയായ ഭരണാധികാരി ഭരിക്കുന്ന ഇന്ത്യൻ സംസ്ഥാനമായി കേരളത്തെ അടയാളപ്പെടുത്തേണ്ടി വരും. ലോകമാകമാനം പകച്ചുനിന്ന കറുത്തിരുണ്ട ദിനങ്ങളെ സമ്മാനിച്ച , ലക്ഷകണക്കിന് മനുഷ്യരെ കൊന്നൊടുക്കാൻ കാരണമായ കൊറോണയെന്ന കൊടും ഭൂതത്തെ തുറന്നുവിട്ട ചൈനയെന്ന ലോകവിപത്തിനെ അവരോധിച്ച് , അതിന്റെ പ്രതിനിധിക്ക് കോട്ടും സൂട്ടും പത്രാസും നല്കിയ മലീമസമായ ആവിഷ്കാരചിന്താധാര ഇന്ത്യയെന്ന മാതാവിനെ പകർത്തിയത് കാവിയും പശുവുമായിട്ടാണ്.
കോവിഡ് മഹാമാരിയിൽ തൊണ്ണൂറിലേറെ രാജ്യങ്ങൾക്ക് വാക്സിൻ നൽകിയ, ലോകത്തിനു തന്നാലാവും വിധം സ്വാന്തനമേകിയ നമ്മുടെ ഭാരതത്തെ , നമ്മുടെ ശാസ്ത്രമികവിനെ ഈ രീതിയിൽ അപമാനിച്ച ഒരുവനു അവാർഡ് നല്കി ആദരിക്കുന്ന മ്ലേച്ഛതയുടെ പേരോ പ്രബുദ്ധ കേരളം ? ഒരു ചെറിയ കാലയളവിനുള്ളിൽ സ്വന്തമായി വാക്സിൻ നിർമ്മിക്കുകയും അത് തികച്ചും സൗജന്യമായി ജനങ്ങളിലെത്തിക്കുകയും ചെയ്ത ഒരു രാജ്യത്തെ ഈ രീതിയിൽ അപനിർമ്മിച്ച ഒരുത്തൻ ഈ നിമിഷം വരെ ഈ രാജ്യത്തിന്റെ സുഭിക്ഷതയിൽ കഴിയുന്നത് എന്റെ മാതൃരാജ്യത്തിന്റെ മഹത്വം. അവന് പട്ടും വളയും നല്കിയ സിസ്റ്റം ഈ നിമിഷം വരെ നിലനില്ക്കുന്നത് എന്റെ രാജ്യത്തിന്റെ ഔദാര്യം.
ഈ മഹാമാരി കാലത്ത് ഈ ചിത്രം വരച്ചവനും അവന് ജന്മം നല്കിയവർക്കും വൈറസിൽ നിന്നും സംരക്ഷണം നല്കിയ വാക്സിൻ നല്കിയത് അവന്റെ ചങ്കിലെ ചൈനയല്ല; മറിച്ച് എന്റെ രാജ്യം ഇന്ത്യയാണ്. എന്റെ രാജ്യം നല്കിയ ഉദാരതയിലാണ് അവൻ ക്യാൻവാസിൽ നിറങ്ങൾ ചാലിച്ച് എന്റെ രാജ്യത്തെ നിന്ദിച്ചത്. ചോറിങ്ങും കൂറങ്ങുമായി ജീവിക്കുന്ന എണ്ണമറ്റ ഒറ്റുകാരിൽ ഒരുവനാണവൻ.
ഇന്ത്യയ്ക്ക് പുറത്ത് കാണാം രണ്ടേ രണ്ട് ശത്രുക്കൾ !
ഇന്ത്യയ്ക്കകത്ത് കാണാം നൂറായിരം ശത്രുക്കൾ !
Post Your Comments