ദില്ലി: സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന (എസ്യുവി)മായ ടൈഗുണിനു ലഭിച്ചതു മികച്ച വരവേല്‍പ്പെന്ന് ജര്‍മന്‍ നിര്‍മാതാക്കളായ ഫോക്‌സ്വാഗന്‍ പാസഞ്ചര്‍ കാഴ്‌സ് ഇന്ത്യ. ഇതിനോടകം 18,000 ബുക്കിങ്ങാണു ടൈഗുണ്‍ സ്വന്തമാക്കിയത്. ഇതോടെ ചില എന്‍ജിന്‍ – ട്രാന്‍സ്മിഷന്‍ സങ്കലനത്തിലുള്ള മോഡലുകള്‍ ലഭിക്കാനുള്ള കാത്തിരിപ്പ് രണ്ടു മാസത്തോളമായിട്ടുണ്ട്.
ഒരു ലീറ്റര്‍, ടി എസ് ഐ എന്‍ജിനോടെയെത്തുന്ന ടൈഗുണിന്റെ അടിസ്ഥാന വകഭദേമായ ഡൈനമിക് ലൈനിന് 10.49 ലക്ഷം രൂപയാണു ഷോറൂം വില. 1.5 ലീറ്റര്‍ ടി ഡി ഐ എന്‍ജിന്‍ സഹിതമുള്ള മുന്തിയ വകഭേദമായ പെര്‍ഫോമന്‍സ് ലൈന്‍ സ്വന്തമാക്കാന്‍ 14.99 ലക്ഷം രൂപ മുടക്കണം. കടുത്ത മത്സരത്തിനു വേദിയായ ഇടത്തരം എസ്യുവി വിഭാഗത്തിലാണു ഫോക്‌സ്വാഗന്റെ ടൈഗുണ്‍ ഇടംപിടിക്കുന്നത്.
Read Also:- ബസുകളില്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ അനുവദിച്ച് സൗദി അറേബ്യ
ചെക്ക് ബ്രാന്‍ഡായ സ്‌കോഡ ഓട്ടോയുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച എംക്യുബിഎ സീറൊ ഐ എന്‍ പ്ലാറ്റ്‌ഫോമാണ് ടൈഗുണിന് അടിത്തറയാവുന്നത്. ഈ വിഭാഗത്തില്‍ ഏറ്റവും ഉയര്‍ന്ന വീല്‍ ബേസ്(2,651 എംഎം) ഉള്ള ടൈഗുണ്‍, അകത്തളത്തില്‍ യഥേഷ്ടം സ്ഥലസൗകര്യവും വാഗ്ദാനം ചെയ്യുന്നുണ്ട്. ടൈഗുണിനു ലഭിച്ച സ്വീകാര്യതയും വരവേല്‍പ്പും കമ്പനിക്ക് ആവേശം പകരുന്നതായി ഫോക്‌സ്വാഗന്‍ പാസഞ്ചര്‍ കാഴ്‌സ് ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത അഭിപ്രായപ്പെട്ടു. ടൈഗുണ്‍ അവതരിപ്പിച്ച് ആദ്യ മാസം തന്നെ വില്‍പനയില്‍ മുന്‍ വര്‍ഷം ഇതേ കാലത്തെ അപേക്ഷിച്ച് 50% വര്‍ധന കൈവരിക്കാന്‍ സാധിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
Post Your Comments