കൊച്ചി : തൃക്കാക്കരയില്‍ ഷൂട്ടിംഗിന് അനുമതി നല്‍കാത്ത സംഭവം വിവാദമായതോടെ വിശദീകരണവുമായി നഗരസഭാ ചെയര്പേഴ്സണന് അജിതാ തങ്കപ്പന് രംഗത്ത് എത്തി.
നേതാക്കളുടെ അറസ്റ്റ് കണ്ടതോടെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകയില്‍ നിന്ന് ഉണ്ടാകുന്ന പ്രതിഷേധമാണ് താന്‍ സിനിമാപ്രവര്‍ത്തകരോട് പ്രകടിപ്പിച്ചതെന്നാണ് അജിതയുടെ വിശദീകരണം. എന്നാല്‍ ജോജു ജോര്‍ജിന്റെ സിനിമയുടെ ചിത്രീകരണമാണ് നഗരസഭ പരിധിയില്‍ നടക്കുന്നതെങ്കില്‍ നേതാക്കളോട് ചോദിച്ച ശേഷം മാത്രമേ ചിത്രീകരണത്തിന് അനുമതി നല്‍കുകയുള്ളൂവെന്നും അജിത പറഞ്ഞു.
Read Also : കേരളത്തിൽ സിനിമാ ടൂറിസം ആരംഭിക്കും, ഇഷ്ട ലൊക്കേഷൻ ഏതൊക്കെ?: ചോദ്യവുമായി പി എ മുഹമ്മദ് റിയാസ്
‘ജനങ്ങള്‍ക്ക് വേണ്ടിയാണ് നേതാക്കള്‍ ശബ്ദമുയര്‍ത്തിയത്. ജോജു ജോര്‍ജ് കാരണം ക്രിമിനലിനെ പിടിച്ചുകൊണ്ടുപോകുന്നത് പോലെയാണ് പൊലീസ് അവരെ കൊണ്ടുപോയത്. പൊലീസ് സ്റ്റേഷനില്‍ കൊതുകുകടിയും കൊണ്ടിരിക്കുന്നവരെ കണ്ടിട്ട് വരുന്ന ഏതൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകയില്‍ നിന്നും ഉണ്ടാകുന്ന പ്രതിഷേധമാണ് എന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഞാന്‍ നന്നായി പൊട്ടിത്തെറിക്കുകയായിരുന്നു. ജോജുവിന്റെ ചിത്രമാകുമെന്നാണ് ആദ്യം കരുതിയത്. അതുകൊണ്ട് പ്രതിഷേധം അറിയിക്കുകയാണ് ഉണ്ടായത്. അത് അല്പം രൂക്ഷമായ ഭാഷയില്‍ തന്നെയായിരുന്നു. പിന്നീടാണ് സത്യന് അന്തിക്കാടിന്റെ ചിത്രമാണെന്ന് അറിഞ്ഞത്. ശേഷം അവരുടെ ഫയല്‍ ഞാന്‍ വാങ്ങി. എന്തായാലും അനുമതി തരാതിരിക്കില്ലെന്ന് അവരോട് പറഞ്ഞിരുന്നു’ -അജിത തങ്കപ്പന് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സത്യന് അന്തിക്കാട് സിനിമയുടെ ചിത്രീകരണത്തിന് അനുമതി തേടിയെത്തിയ സിനിമാ പ്രവര്‍ത്തകരോട് അജിത പ്രകോപിതയായത്. തൃക്കാക്കര ബസ് സ്റ്റാന്‍ഡിലാണ് ഷൂട്ടിംഗ് അനുമതി തേടിയത്. എന്നാല്‍ ജോജു ജോര്‍ജ് സിനിമയാണെന്ന് കരുതി സംഘത്തോട് അജിത ദേഷ്യപ്പെടുകയായിരുന്നു.
Post Your Comments