ലഖ്നൗ: ഉത്തർപ്രദേശിലെ മഹോബയിൽ അജ്ഞാതരായ ചില അക്രമികൾ സായി ബാബ ക്ഷേത്രം തകർക്കുകയും പകരം മസാർ (ശവകുടീരം) നിർമ്മിക്കുകയും ചെയ്ത സംഭവം വിവാദത്തിലേക്ക്. ക്ഷേത്രം തകർത്തത് നവംബർ മൂന്നിന് (ബുധനാഴ്ച) രാത്രിയാണ് . റിപ്പോർട്ടുകൾ പ്രകാരം, ഉത്തർപ്രദേശിലെ മഹോബയിലെ പൻവാരിയിലെ ബുദേര ഗ്രാമപഞ്ചായത്തിലെ മജ്ര സിമരിയയിൽ നദിക്ക് സമീപം സായിബാബയുടെ ഒരു പുരാതന ക്ഷേത്രം ഉണ്ട്. ബുധനാഴ്ച രാത്രി വൈകിയാണ് ചില അക്രമികൾ സായിബാബയുടെ വിഗ്രഹം സമീപത്തെ കുറ്റിക്കാട്ടിൽ വലിച്ചെറിഞ്ഞ് പകരം ക്ഷേത്രത്തിൽ പച്ചക്കൊടി നാട്ടിയത്. ഇത് കൂടാതെ വിഗ്രഹം സ്ഥാപിച്ച പ്ലാറ്റ്ഫോമും പച്ച നിറത്തിൽ ചായം പൂശി.
പുരാതനമായ സായിബാബയുടെ ക്ഷേത്രം മലിനമാക്കപ്പെട്ട് മസാറാക്കി മാറ്റിയത് പിറ്റേന്ന് രാവിലെ കണ്ട ഗ്രാമവാസികൾ രോഷാകുലരായി. ഈ സാഹചര്യത്തിൽ, മഹോബ പോലീസ് നടപടിയെടുക്കുകയും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കല്ലറ നീക്കം ചെയ്യുകയും പതാക നീക്കം ചെയ്യുകയും പ്ലാറ്റ്ഫോമിന് വെള്ള പെയിന്റ് ചെയ്യുകയും ചെയ്തു. അന്നുമുതൽ പ്രദേശത്ത് കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
നവംബർ നാലിന് (വ്യാഴം) ഗ്രാമവാസികൾ ക്ഷേത്രത്തിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. രോഷാകുലരായ ഗ്രാമവാസികൾ സംഭവത്തെക്കുറിച്ച് പോലീസിൽ പരാതിപ്പെട്ടു. കുറ്റക്കാർക്കെതിരെ ഉടനടി കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അവർ ജില്ലാ മജിസ്ട്രേറ്റിന് കത്തെഴുതി. വിവരമറിഞ്ഞയുടൻ കുൽപഹാർ എസ്ഡിഎം ശ്വേത പാണ്ഡെയും പനവാടി എസ്എച്ച്ഒയും പൊലീസ് സേനയോടൊപ്പം സ്ഥലത്തെത്തി. എസ്ഡിഎമ്മിന്റെ സാന്നിധ്യത്തിൽ ശവകുടീരം നീക്കം ചെയ്യുകയും ക്ഷേത്രം വെള്ള പെയിന്റിൽ വീണ്ടും പെയിന്റ് ചെയ്യുകയും ചെയ്തു. ശേഷം ഗ്രാമവാസികൾ സായിബാബയുടെ വിഗ്രഹം സ്ഥലത്ത് പുനഃസ്ഥാപിച്ചു.
വൈകുന്നേരം അഡീഷണൽ എസ്പി ആർ കെ ഗൗതമും എഡിഎം രാംസുരേഷ് വർമയും വേദി സന്ദർശിച്ച് പഴയതുപോലെ ആരാധന തുടരാൻ ഗ്രാമവാസികളോട് അഭ്യർത്ഥിച്ചു. ‘പരസ്പര സമ്മതത്തിൽ’ മസാറിനെ നീക്കം ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും മഹോബ പോലീസും ട്വിറ്ററിൽ കുറിച്ചു.
എന്നാൽ ചില അരാജക ശക്തികളുടെ പ്രവൃത്തിയാണെന്നു പറഞ്ഞ് പോലീസ് സ്ഥിതിഗതികളുടെ ഗൗരവം തകർക്കുകയാണെന്ന് ആരോപിച്ച ഗ്രാമവാസികൾ, ഇത് മറ്റേതൊരു സംഭവത്തെയും പോലെയല്ലെന്നും നന്നായി ആസൂത്രണം ചെയ്ത ഗൂഢാലോചനയുടെ ഭാഗമാണെന്നും ആരോപിച്ചു. ഒറ്റരാത്രികൊണ്ട് ഒരു ശവകുടീരം നിർമ്മിക്കാനും ചായം പൂശാനും ആർക്കും കഴിയില്ലെന്ന് വാദിച്ചുകൊണ്ട്, ക്ഷുഭിതരായ ഗ്രാമീണർ ഇത് തന്ത്രപരവും ഏകോപിപ്പിച്ചതും കൂട്ടായതുമായ ഗൂഢാലോചന തന്നെയാണെന്ന് ചൂണ്ടിക്കാട്ടി. കുറ്റവാളികളെ ഉടൻ കണ്ടെത്തി ശിക്ഷിക്കണമെന്ന് അവർ പോലീസിനോട് ആവശ്യപ്പെട്ടു.
Post Your Comments