Latest NewsIndia

മെയ്‌ക്ക് ഇൻ ഇന്ത്യ: സായുധസേനയുടെ ആധുനീകവത്ക്കരണത്തിന് 7965 കോടി രൂപയുടെ അംഗീകാരം

ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും രൂപകൽപനയും വികസനവും നിർമാണവും ഇന്ത്യയിൽ തന്നെ നടത്തണം.

ന്യൂഡൽഹി: ഹെലികോപ്റ്ററുകളിലും യുദ്ധോപകരണങ്ങളിലും ഉൾപ്പെടെ സായുധസേനയെ ആധുനീകവത്ക്കരിക്കുന്നതിനായി മുന്നോട്ടുവെച്ച 7965 കോടി രൂപയുടെ പ്രൊപ്പോസലിന് പ്രതിരോധമന്ത്രാലയം അംഗീകാരം നൽകി. മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതി അനുസരിച്ചാണ് ഇത് നടപ്പിലാക്കുക പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അദ്ധ്യക്ഷനായ പ്രതിരോധ അക്യുസിഷൻ കൗൺസിലാണ് പ്രൊപ്പോസൽ അംഗീകരിച്ചത്.

പ്രതിരോധ സേനയ്‌ക്കായി ആയുധങ്ങൾ വാങ്ങുന്നതിനുളള ആദ്യ നടപടിയാണ് കൗൺസിലിന്റെ ആക്‌സെപ്‌റ്റെൻസ് ഓഫ് നെസസിറ്റി (എഒഎൻ). ഈ നിർണായക കടമ്പയാണ് പിന്നിട്ടിരിക്കുന്നത്. 100 ശതമാനവും മെയ്‌ക്ക് ഇൻ ഇന്ത്യ വ്യവസ്ഥയിലാണ് പദ്ധതി നടപ്പിലാക്കുകയെന്ന് പ്രതിരോധമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും രൂപകൽപനയും വികസനവും നിർമാണവും ഇന്ത്യയിൽ തന്നെ നടത്തണം. കരസേനയും വായുസേനയും ഉപയോഗിക്കുന്ന ചീറ്റ, ചേതക് ഹെലികോപ്ടറുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്ടറുകൾ സ്വന്തമാക്കുന്നത്.

ഈ ഹെലികോപ്റ്ററുകളുടെ സുരക്ഷ പലതവണ ചോദ്യം ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ 10 വർഷങ്ങൾക്കുളളിൽ 15 ചീറ്റ, ചേതക് ഹെലികോപ്റ്ററുകളാണ് വിവിധയിടങ്ങളിൽ തകർന്ന് വീണത്. നിരവധി പൈലറ്റുമാരെയും ഈ അപകടങ്ങളിലൂടെ സേനയ്‌ക്ക് നഷ്ടമായി. 50 വർഷത്തിലധികം പഴക്കമുളള ഡിസൈനിലുളളതാണ് ഇരു ഹെലികോപ്റ്ററുകളും.ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിൽ നിന്ന് 12 ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകളും ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിൽ നിന്നും നാവികസേനയുടെ യുദ്ധക്കപ്പലുകളിൽ ഉപയോഗിക്കുന്ന Lynx U2ഗൺ ഫയർ കൺട്രോൾ സംവിധാനവും, ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ നിന്നുളള സൂപ്പർ റാപ്പിഡ് ഗൺ മൗണ്ട്, സമുദ്രസുരക്ഷയും തീരനിരീക്ഷണവും ഉറപ്പാക്കുന്ന ദ്രോണിയർ എയർക്രാഫ്റ്റിന്റെ നവീകരണം ഉൾപ്പെടെയുളള പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്.

പുതുതായി വാങ്ങുന്ന ഹെലികോപ്റ്ററുകളിൽ ആറെണ്ണം കരസേനയ്‌ക്കും ആറെണ്ണം വായുസേനയ്‌ക്കുമാണ് നൽകുക. വരും വർഷങ്ങളിൽ ഏതാണ്ട് 187 ഓളം ലൈറ്റ് ഹെലികോപ്റ്ററുകൾ വേണ്ടി വരുമെന്നാണ് സേനയുടെ വിലയിരുത്തൽ. 126 ഹെലികോപ്റ്ററുകൾ കരസേനയ്‌ക്കും 61 എണ്ണം വായുസേനയ്‌ക്കും വേണ്ടി വാങ്ങാനാണ് തീരുമാനം. അടുത്ത വർഷം ഓഗസ്‌റ്റോടെ ഹെലികോപ്റ്ററിന്റെ ആദ്യ പരീക്ഷണ പറക്കൽ നടത്താനാണ് എച്ച്എഎൽ ലക്ഷ്യമിടുന്നത്. കർണാടകയിലെ തുമകുരുവിലുളള എച്ച്എഎല്ലിന്റെ ഹെലികോപ്റ്റർ ഫാക്ടറിയിൽ ഇതിന്റെ രൂപകൽപന ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ബംഗലൂരുവിലും തുമകുരുവിലുമുളള ഫാ്ക്ടറികളിലൂടെ വർഷം 100 ഹെലികോപ്റ്ററുകൾ ഉത്പാദിപ്പിക്കാൻ എച്ച്എഎല്ലിന് ശേഷിയുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button