മുംബൈ: നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡേയെ വിമര്‍ശിച്ച മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന് മറുപടിയുമായി വാംഖഡേയുടെ ഭാര്യ ക്രാന്തി രേദ്കര്‍. വാംഖഡേ വിലകൂടിയ വസ്ത്രങ്ങളും വാച്ചുകളുമാണ് ധരിക്കുന്നതെന്നും സത്യസന്ധനും നീതിമാനുമായ ഒരു ഉദ്യോഗസ്ഥന് താങ്ങാവുന്നതിലും അധികമാണ് ഇതിന്റെ ചിലവെന്നും ആയിരുന്നു മാലിക്കിന്റെ പരാമര്‍ശം. ട്വിറ്ററിലൂടെയാണ് ക്രാന്തിയുടെ പ്രതികരണം.
കാലിയായ ഒരു പാത്രത്തിന്റെയും അല്‍പം ഭക്ഷണം മിച്ചമുള്ള മറ്റൊരു പാത്രത്തിന്റെയും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ക്രാന്തിയുടെ ട്വീറ്റ്. ‘ഞങ്ങള്‍ ഉച്ചയ്ക്ക് കഴിച്ചത് ദാല്‍ മഖ്‌നിയും ജീരാ റൈസുമായിരുന്നു. ജീരാ റൈസ് വീട്ടില്‍ ഉണ്ടാക്കിയതാണ്. ദാല്‍ മഖ്‌നി പുറത്തുനിന്ന് ഓര്‍ഡര്‍ ചെയ്തു. 190 രൂപയാണ് വില. തെളിവുകളോടെ മാധ്യമങ്ങളെ അറിയിക്കുകയാണ്, ഇനിയെങ്ങാനും നാളെ രാവിലെ ആരെങ്കിലും ആരോപണം ഉന്നയിച്ചാലോ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കുടുംബം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണമാണ് ഞങ്ങള്‍ കഴിച്ചതെന്ന്’- എന്നാണ് ക്രാന്തിയുടെ ട്വീറ്റ്. മറാഠിയിലെ അറിയപ്പെടുന്ന നടികൂടിയാണ് ക്രാന്തി.
Post Your Comments