ഓരോ ക്ഷേത്രങ്ങൾക്കും ഓരോ ആചാര രീതികളുണ്ട്. വ്യത്യസ്തമായ ചില വിശ്വാസങ്ങൾ കൊണ്ട് ശ്രദ്ധേയമായ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് പയ്യന്നൂര്‍ സുബ്രഹ്മണ്യ ക്ഷേത്രം. കണ്ണൂര്‍ ജില്ലയുടെ വടക്കേ അറ്റത്ത് പയ്യന്നൂര്‍ നഗരത്തില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തില്‍ സുബ്രഹ്മണ്യ സ്വാമിയാണ് മുഖ്യ പ്രതിഷ്ഠ.
ദേവസേനാധിപതി സങ്കല്പത്തില് താരകാസുരവധത്തിന് ശേഷമുള്ള ഭാവത്തിലുള്ള മുരുക പ്രതിഷ്ഠയുള്ള ഈ ക്ഷേത്രം കേരളത്തിലെ പഴനിയെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. സുബ്രഹ്മണ്യനെ കൂടാതെ അയ്യപ്പന്, ഗണപതി, ക്ഷേത്രപാലന്, ഭൂതത്താന്‍, ഭഗവതി, നാഗദൈവങ്ങള്‍ എന്നീ ഉപദേവതകളുടെ പ്രതിഷ്ഠയും ഈ ക്ഷേത്രത്തിലുണ്ട്. പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ടതെന്നു കരുതുന്ന ഈ ക്ഷേത്രത്തില്‍ പരശുരാമ ശാസനങ്ങള്‍ അനുസരിച്ചാണ് മുന്നോട്ട് പോകുന്നത്.
ഏറെ ചരിത്ര പ്രാധാന്യമുളള ക്ഷേത്രമാണ് പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രം. ഒരുകാലത്ത് ക്ഷേത്രം മുഴുവന്‍ സ്വര്‍ണം ആയിരുന്നു എന്നും ടിപ്പു അവ കൊള്ളയടിച്ചു എന്നൊരു ചരിത്രമുണ്ട്. ബ്രഹ്മാണ്ഡ പുരാണത്തില്‍ ഗര്‍ഗമുനി വനവാസക്കാലത്ത് പാണ്ഡവരോട് കേരളത്തെ പറ്റി പറയുമ്ബോള്‍, ഈ ക്ഷേത്രത്തെയും പയ്യന്നൂരിനെയും കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത
കാവി വസ്ത്രധാരികളായ സന്യാസിമാര്‍ക്ക് ഇവിടെ പ്രവേശനമില്ല എന്നതാണ്. ഇതിന് പിന്നിലെ ഐതീഹ്യം പരശുരാമനുമായി ബന്ധപ്പെട്ടതാണ്.
പരശുരാമന് പ്രതിഷ്ഠയും നിവേദ്യവുമുള്ള ക്ഷേത്രമായ ഇവിടെ ഒരു ശുദ്ധ സന്യാസി കാവി വസ്ത്രധാരിയായി കയറിയാല്‍ പരശുരാമന് ബഹുമാനാര്‍ത്ഥം എഴുന്നേല്‍ക്കേണ്ടി വരും എന്ന വിശ്വാസത്തിന്റെ പേരിലാണ് ഇവിടെ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ കൊടിമരം, ആന എഴുന്നള്ളിപ്പ്, സദ്യക്ക് പപ്പടം തുടങ്ങിയവയും ഈ ക്ഷേത്രത്തിൽ അനുവദനീയമല്ല. ക്ഷത്രിയ കുലത്തിന്റെ നാശകന് ആയ പരശുരാമന് ഉള്ളത് കൊണ്ടാണ് ക്ഷേത്രത്തില്‍ ക്ഷത്രിയ മുദ്രകൾ ഒഴിവാക്കിയിരിക്കുന്നത്.
Post Your Comments