ഭുവനേശ്വര്‍: യുദ്ധ വിമാനത്തില്‍ നിന്നും ദീര്‍ഘദൂര ശേഷിയുള്ള ബോംബ് വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷയുടെ തീരത്തെ ആകാശത്തുനിന്നാണ് ഇന്ത്യന്‍ സൈന്യത്തിന് കരുത്ത് പകരുന്ന ബോംബ് വിജയകരമായി പരീക്ഷിച്ചത്. തദ്ദേശീയമായി വികസിപ്പിച്ച ലോംഗ് റേഞ്ച് ബോംബ് വെള്ളിയാഴ്ച വ്യോമ പ്ലാറ്റ്‌ഫോമില്‍ നിന്ന് പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡി.ആര്‍.ഡി.ഒ) ഇന്ത്യന്‍ വ്യോമസേനയും (ഐ.എ.എഫ്) ചേർന്നാണ് വിജയകരമായി പരീക്ഷിച്ചത്.
ഐ.എ.എഫ് യുദ്ധവിമാനങ്ങളില്‍ നിന്ന് വിക്ഷേപിച്ച ബോംബ്, നിശ്ചിത പരിധിക്കുള്ളില്‍ കൃത്യതയോടെ ദീര്‍ഘദൂരത്തില്‍ കര അധിഷ്ഠിത ലക്ഷ്യത്തില്‍ പതിച്ചതായി ഡി.ആര്‍.ഡി.ഒ വ്യക്തമാക്കി. എല്ലാ ദൗത്യ ലക്ഷ്യങ്ങളും വിജയകരമായി പൂര്‍ത്തീകരിച്ചതായും അവര്‍ അറിയിച്ചു. പശ്ചിമബംഗാളിലെ കലൈക്കുണ്ട എയര്‍ ബേസില്‍ നിന്ന് പറന്നുയര്‍ന്ന യുദ്ധവിമാനത്തില്‍ നിന്നാണ് പരീക്ഷണം നടന്നത്. പരീക്ഷണം പൂര്‍ണ വിജയമായിരുന്നെന്ന് ഡി.ആര്‍.ഡി.ഒ ചെയര്‍മാന്‍ ഡോ. ജി സതീഷ് റെഡ്ഡി പറഞ്ഞു.
ഇന്ത്യയുടെ തദ്ദേശീയമായ ആയുധ നിര്‍മ്മാണത്തില്‍ നിര്‍ണായകമാകുന്ന വിജയമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.സമീപ വര്‍ഷങ്ങളില്‍ റഡാറുകളും മിസൈലുകളും ഉള്‍പ്പെടെയുള്ള പ്രതിരോധ ഉപകരണങ്ങള്‍ ഡി.ആര്‍.ഡി.ഒ വിജയകരമായി വികസിപ്പിച്ചെടുക്കുന്നുണ്ട്. 2021 ഓഗസ്റ്റില്‍, ഐ.എ.എഫിന്റെ യുദ്ധവിമാനങ്ങളെ ശത്രുക്കളുടെ റഡാര്‍ ഭീഷണികളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി ഡി.ആര്‍.ഡി.ഒ ഒരു അഡ്വാന്‍സ്ഡ് ചാഫ് ടെക്നോളജി വികസിപ്പിച്ചെടുത്തിരുന്നു. വിജയകരമായ ഉപയോക്തൃ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ഇന്ത്യന്‍ വ്യോമസേന ഈ സാങ്കേതികവിദ്യയുടെ ഇന്‍ഡക്ഷന്‍ പ്രക്രിയ ആരംഭിച്ചു.
2021 ജൂലായില്‍, ശത്രുക്കളുടെ ഡ്രോണ്‍ ആക്രമണത്തെ നിര്‍വീര്യമാക്കാന്‍ ഡി.ആര്‍.ഡി.ഒ ഒരു ആന്റി ഡ്രോണ്‍ സംവിധാനം വികസിപ്പിച്ചെടുത്തിരുന്നു. ഈ സാങ്കേതികവിദ്യയ്ക്ക് ശത്രു ഡ്രോണുകളെ കണ്ടെത്തല്‍, സോഫ്റ്റ് കില്‍ (ഡ്രോണിന്റെ ആശയവിനിമയ ലിങ്കുകള്‍ തടസപ്പെടുത്തുന്നതിന്), ഹാര്‍ഡ് കില്‍ (ഡ്രോണിനെ നശിപ്പിക്കാന്‍ ലേസര്‍ അടിസ്ഥാനമാക്കിയുള്ള ഹാര്‍ഡ് കില്‍) എന്നിവയുള്‍പ്പെടെയുള്ള പ്രത്യാക്രമണങ്ങള്‍ക്ക് കഴിവുണ്ടെന്ന് പ്രതിരോധ മന്ത്രാലയം പറയുന്നു.
Post Your Comments