ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ച ചരിത്രപ്രധാനമെന്ന് വിശേഷിപ്പിച്ച് കത്തോലിക്ക സഭ. വളരെ സുപ്രധാന കൂടിക്കാഴ്ച ആണിതെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ശ്രിംഗ്‌ളയും വ്യക്തമാക്കിയിട്ടുണ്ട്. ഈ കൂടിക്കാഴ്ചയോടെ മാര്‍പ്പാപ്പയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിനും വഴിയൊരുങ്ങും എന്നാണ് സൂചന. 2013 മുതല്‍ റോമന്‍ കത്തോലിക്ക സഭയുടെ തലവനാണ് പോപ് ഫ്രാന്‍സിസ്. 1990 കളില്‍ ജോണ്‍പോള്‍ രണ്ടാമന്റെ കാലത്താണ് ഏറ്റവും ഒടുവില്‍ പോപ് ഇന്ത്യയില്‍ എത്തിയത്. അടുത്ത വര്‍ഷമാദ്യം നടക്കുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്രൈസ്തവ സമുദായത്തിന്റെ വിശ്വാസം ആര്‍ജ്ജിക്കാന്‍, മാര്‍പ്പാപ്പയുമായി ഉള്ള മോദിയുടെ കൂടിക്കാഴ്ച പാര്‍ട്ടിയെ സഹായിച്ചേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു.
മാര്‍പാപ്പയുമായി മാത്രമല്ല, വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി കര്‍ദ്ദിനാള്‍ പിയത്രോ പരോളിനുമായും മോദി കൂടിക്കാഴ്ച നടത്തും.
വത്തിക്കാനും, കത്തോലിക്ക സഭയുമായി ഇന്ത്യയുടെ ബന്ധം കൂടുതല്‍ ഊഷ്മളമാകുമെന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി വിലയിരുത്തി.
സമീപ വര്‍ഷങ്ങളില്‍ പോപ് ഫ്രാന്‍സിസിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ കുറിച്ച് പലവട്ടം അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, അത് നടന്നില്ല. 1964 ല്‍ പോള്‍ ആറാമനും, 1986 ലും 1999 ലും ജോണ്‍ പോള്‍ രണ്ടാമനുമാണ് ഇന്ത്യ സന്ദര്‍ശിച്ചത്. 2016 സെപ്റ്റംബറില്‍ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ ഭാരത സര്‍ക്കാരിനെ പ്രതിനിധീകരിച്ചത് അന്നത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വാരാജായിരുന്നു.
Post Your Comments