കോഴിക്കോട്: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ അലനും താഹയ്ക്കും ജാമ്യം ലഭിക്കുമ്പോൾ ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷമായി പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ ലാപ്ടോപ്. മാവോയിസ്റ്റ് കേസ് അടക്കം നിർണായകമായ നിരവധി വിവരങ്ങളുള്ള ലാപ്ടോപ് ആണ് സ്റ്റേഷനിൽനിന്നു കാണാതായിരിക്കുന്നത്. ലാപ്ടോപ് എവിടെപ്പോയി എന്നറിയാതെ ഇരുട്ടിൽ തപ്പുകയാണു പൊലീസ്.സ്റ്റേഷനിൽ ലാപ്ടോപ് പ്രവർത്തിപ്പിച്ചു കൊണ്ടിരുന്ന പൊലീസുകാരൻ അവധിയിൽ പോകുമ്പോൾ സ്റ്റേഷനിൽ സൂക്ഷിച്ചിരുന്നതാണ് ലാപ്ടോപ്. പിന്നീട് തിരിച്ചെത്തിയപ്പോൾ ലാപ്ടോപ് കാണാതായി എന്നാണ് വിവരം.
സ്റ്റേഷന് അകത്തുനിന്നു മോഷണം പോയതാണോ ഇത് ആരെങ്കിൽ ബോധപൂർവം എടുത്തുമാറ്റിയതാണോ എന്നും വ്യക്തമല്ല. മോഷണം പോയതാണെങ്കിലും ആരെങ്കിലും എടുത്തുമാറ്റിയതാണെങ്കിലും വകുപ്പു മാറും. രണ്ടാണെങ്കിലും കേസ് റജിസ്റ്റർ ചെയ്യണം.എന്നാൽ സ്റ്റേഷനിലെ സാധനങ്ങൾ അടുത്തിടെ മാറ്റിവച്ചപ്പോൾ ആ കൂട്ടത്തിൽ പെട്ടുപോയി കാണാതായതാണ് എന്ന ന്യായീകരണത്തിലാണ് പൊലീസ് ഇപ്പോഴുള്ളത്. അതുകൊണ്ട് ഇതുവരെ കേസ് റജിസ്റ്റർ ചെയ്തിട്ടുമില്ല. എന്തായാലും അന്വേഷണം രഹസ്യമായി നടക്കുന്നുണ്ട്. കാണാതായ ലാപ്ടോപ് ഇതുവരെ ആരും ഉപയോഗിച്ചതായി വിവരമില്ല.
ലാപ്ടോപ് ഓണാക്കുകയെങ്കിലും ചെയ്താലേ എന്തെങ്കിലും വിവരം കിട്ടൂ എന്നാണ് സൈബർ സെല്ലിൽനിന്നു ലഭിച്ച വിവരം. കാണാതായത് മറ്റേതെങ്കിലും സാധനമായിരുന്നെങ്കിൽ പിരിവിട്ടാണെങ്കിലും വാങ്ങാമായിരുന്നു. കേസ് വിവരങ്ങൾ അടക്കമുള്ള ലാപ്ടോപിനു പകരം എന്തു ചെയ്യുമെന്ന് അറിയാത്ത അവസ്ഥയിലാണ് പന്തീരാങ്കാവ് പോലീസ്. ലാപ്ടോപ് കൈകാര്യം ചെയ്തിരുന്ന പൊലീസുകാരൻ അവധിയിൽ പ്രവേശിക്കുമ്പോൾ സ്റ്റേഷനിലെ മേശയിലാണ് ലാപ്ടോപ് സൂക്ഷിച്ചിരുന്നത്. സ്റ്റേഷനിൽ എത്തുന്ന ആരെങ്കിലും ഇത് മോഷ്ടിക്കാൻ സാധ്യത വളരെ കുറവാണ്. ഇദ്ദേഹം അവധിയിലുള്ള ദിവസങ്ങളിൽ സ്റ്റേഷനിലെ സാധനങ്ങൾ മറ്റൊരു ഭാഗത്തേക്കു മാറ്റിയിരുന്നു. ഇങ്ങനെ മാറ്റിയ കൂട്ടത്തിൽ ലാപ്ടോപ്പും മാറ്റിവെച്ചോ എന്നു സംശയമുയർന്നിരുന്നു.
എന്നാൽ മാറ്റിയ സാധനങ്ങൾ മുഴുവൻ പരിശോധിച്ചെങ്കിലും ലാപ്ടോപ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കാണാതായതാണെങ്കിൽ പരമാവധി ഒരു മണിക്കൂറിന്റെ തിരച്ചിൽ കൊണ്ട് കണ്ടെത്താൻ കഴിയാവുന്നതേ ഉള്ളൂ.ലാപ്ടോപ് പ്രവർത്തിപ്പിച്ചിരുന്ന പൊലീസുകാരനു മനഃപൂർവം പണി കൊടുക്കാൻ വേണ്ടിയുള്ള ബോധപൂർവമുള്ള ശ്രമമാണോ ഉണ്ടായതെന്നും സംശയമുണ്ട്. എന്നാൽ സ്റ്റേഷനിൽ സഹപ്രവർത്തകർക്ക് ഇദ്ദേഹവുമായി കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലെന്നാണു അന്വേഷണത്തിൽ വ്യക്തമായത്. ആധുനികവൽക്കരണത്തിന്റെ ഭാഗമായാണു കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ ലാപ്ടോപ് വാങ്ങി നൽകിയത്.
മറ്റു ചില സ്റ്റേഷനുകളിൽ ഉപയോഗിച്ചതിനു ശേഷമാണ് രണ്ടു വർഷം മുൻപ് പന്തീരാങ്കാവ് സ്റ്റേഷനിലേക്ക് ഈ ലാപ്ടോപ് കൈമാറിയത്.മറ്റു ചില സ്റ്റേഷനുകളിൽ ഉപയോഗിച്ചതിനു ശേഷമാണ് രണ്ടു വർഷം മുൻപ് പന്തീരാങ്കാവ് സ്റ്റേഷനിലേക്ക് ഈ ലാപ്ടോപ് കൈമാറിയത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി മൊഴി എടുക്കാനും തെളിവെടുപ്പിനും ഒക്കെ പോകുമ്പോൾ പൊലീസുകാർക്ക് ഉപകാരപ്രദമാകാൻ വേണ്ടിയായിരുന്നു ഇത്.
Post Your Comments