ചെന്നൈ: മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ കത്ത്. ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുമെന്ന് സ്റ്റാലിൻ വ്യക്തമാക്കി. ജലനിരപ്പ് നിരന്തരം നിരീക്ഷിക്കുകയാണെന്നും ഡാമിലെ എല്ലാ നടപടികളും കേരളത്തെ അറിയിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ആവശ്യ പ്രകാരം പരമാവധി വെള്ളം വൈഗ ഡാമിലേക്കു കൊണ്ടുപോകുന്നുണ്ടെന്നും ബുധനാഴ്ച രാവിലെ എട്ട് മുതൽ വൈഗയിലേക്കു കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2300 ക്യുസെക്സ് ആക്കിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു. കേരളവുമായി ആശയ വിനിമയം തുടരുന്നതായും സ്റ്റാലിൻ അറിയിച്ചു.
നിലവിൽ 137.80 അടിയാണു മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് 29ന് രാവിലെ ഏഴിനു തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചതായി ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
Post Your Comments