KeralaLatest News

അനുപമയുടെ കുഞ്ഞിന്റെ ദത്തെടുപ്പും പുസ്തകവും തമ്മിലെന്ത്? പുസ്തകങ്ങൾക്ക് റെക്കോർഡ് വിൽപ്പന

ഇംഗ്ലീഷ് പതിപ്പ് വാങ്ങാനെത്തിയത് ബന്ധപ്പെട്ട വകുപ്പുകളും അഭിഭാഷകരും ഗുമസ്തന്മാരുമാണ്.

തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തിൽ വിവാദം കത്തിനിൽക്കുന്ന വാർത്തയാണ് അനുപമയുടെ കുഞ്ഞിന്റെ ദത്തെടുക്കൽ . താൻ പ്രസവിച്ച കുഞ്ഞിനെ തന്റെ അനുമതിയോ സമ്മതമോ ഇല്ലാതെ മാതാപിതാക്കൾ തട്ടിക്കൊണ്ടുപോയെന്നും കുഞ്ഞിനെ തിരികെ വേണമെന്നുമുള്ള അനുപമയുടെ ആവശ്യം സോഷ്യൽ മീഡിയയിലും കേരളത്തിൽ തന്നെയും വിവാദമായി. എന്തായാലും സംഭവത്തിൽ ഇപ്പോൾ കുഞ്ഞിന്റെ ദത്തെടുക്കൽ നടപടികൾ കോടതി നിർത്തിവെച്ചിരിക്കുകയുമാണ്.

എന്നാൽ ഈ വിവാദത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായി മാറിയിരിക്കുകയാണ് നിയമ പുസ്തക വിൽപ്പനക്കാരും പ്രസാധകരും.ദത്തെടുക്കലുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ വിൽപ്പനയാണ് കുതിച്ചുയർന്നത്. തിരുവനന്തപുരം ഓവർ ബ്രിഡ്ജ് ജങ്ഷനിലെ സുകുമാർ ലോ ബുക്സിലെ കണക്കുകളാണ് ഇതിന് തെളിവായിരിക്കുന്നത്.

അഭിഭാഷകരും പൊലീസുദ്യോഗസ്ഥരും സർക്കാർ ജീവനക്കാരുമായി നിരവധി പേരാണ് ദത്തെടുക്കലുമായി ബന്ധപ്പെട്ട നിയമവശങ്ങളറിയാനായി ഇതുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ വാങ്ങാനായി ഇവിടെയെത്തിയത്. ഇംഗ്ലീഷ് പതിപ്പ് വാങ്ങാനെത്തിയത് ബന്ധപ്പെട്ട വകുപ്പുകളും അഭിഭാഷകരും ഗുമസ്തന്മാരുമാണ്. ഇവർക്ക് പുറമെ സർക്കാർ ഉദ്യോഗസ്ഥരും പൊലീസുകാരും ഈ പുസ്തകം വാങ്ങി. മലയാളം പതിപ്പ് വാങ്ങിയതിലധികവും സാധാരണ ജനങ്ങളും പൊലീസുകാരുമാണ്.

ജുവനൈൽ ജസ്റ്റിസ് ആക്ട് 2015 , അഡ്വ കരകുളം മനോജ് തയ്യാറാക്കിയ ജുവനൈൽ ജസ്റ്റിസ് ആക്ട് 2015 ന്റെ മലയാളം പരിഭാഷ, നിയമാനുസൃത ദത്തെടുക്കൽ പുസ്തകങ്ങളാണ് വൻതോതിൽ വിറ്റഴിക്കപ്പെട്ടത്. സാധാരണ നിലയിൽ 20 മുതൽ 30 വരെ കോപ്പികളാണ് ഈ മൂന്ന് പുസ്തകങ്ങളുമായി ഒരു മാസം വിറ്റഴിക്കപ്പെടുന്നത്. ജുവനൈൽ ജസ്റ്റിസ് ആക്ട് 2015 എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ 120 കോപ്പികളാണ് വിവാദത്തിന് ശേഷം ഇവിടെ നിന്ന് വിറ്റുപോയത്.

ഇതിന്റെ തന്നെ മലയാളം പരിഭാഷയാകട്ടെ 200 ലേറെ കോപ്പികൾ വിറ്റുപോയി. നിയമാനുസൃത ദത്തെടുക്കൽ പുസ്തകത്തിന്റെ 15ഓളം കോപ്പികളും വിറ്റഴിക്കപ്പെട്ടു.ഇതിലേറെ പേർ പുസ്തകം വാങ്ങാനെത്തിയെങ്കിലും ഇവ തിരിച്ചും മറിച്ചും നോക്കി റാക്കിൽ തന്നെ തിരികെ വച്ച് മടങ്ങിപ്പോയെന്നും പുസ്തകക്കടയുടമ സന്തോഷ് കുമാർ പറയുന്നു. ഓരോ വിവാദങ്ങളുണ്ടാവുമ്പോഴും ഇത്തരത്തിൽ പുസ്തക വിൽപ്പനയും മെച്ചപ്പെടാറുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button