ന്യൂഡല്‍ഹി: അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറി സ്ഥാനത്തു തുടരേണ്ടതില്ലെന്ന അന്തര്‍ധാരയുടെ ചുവടുപിടിച്ച് കോണ്‍ഗ്രസുമായുള്ള ബന്ധത്തെക്കുറിച്ച് സജീവ ചര്‍ച്ചയില്‍ സി.പി.എം കേന്ദ്ര കമ്മിറ്റി.കോണ്‍ഗ്രസ് ബന്ധം തുടരുന്നതില്‍ പോളിറ്റ് ബ്യൂറോയില്‍ ഭിന്നത രൂക്ഷമാണ്. കോണ്‍ഗ്രസുമായുള്ള ചങ്ങാത്തത്തിന് യെച്ചൂരി അനുകൂലമാണ്. എന്നാല്‍, പാര്‍ട്ടിയുടെ കേന്ദ്ര ഘടകങ്ങളെ നിയന്ത്രിക്കുന്ന കേരള നേതാക്കള്‍ അതിന് എതിരാണ്. യെച്ചൂരിക്ക് വീണ്ടുമൊരു ഊഴം നല്‍കുന്നതിനും എതിരാണ്.
ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് കരട് രാഷ്ട്രീയ പ്രമേയം തയാറാക്കാനുള്ള സി.പി.എം കേന്ദ്ര കമ്മിറ്റി യോഗമാണ് വെള്ളിയാഴ്ച ഡല്‍ഹിയില്‍ ആരംഭിച്ചത്. ഇടതുപക്ഷ ആശയത്തില്‍ ഊന്നിയ പ്രതിപക്ഷ ഐക്യം എന്നതായിരുന്നു ഒക്ടോബര്‍ ഒമ്പത്, 10 തീയതികളിലായി ചേര്‍ന്ന പോളിറ്റ് ബ്യൂറോ തയാറാക്കിയ കരട് രേഖ. ഇതു സംബന്ധിച്ച് അന്തിമ നിലപാട് കേന്ദ്രകമ്മിറ്റി എടുത്തേക്കും. അതേസമയം, സീതാറാം യെച്ചൂരിയെ ഉന്നമിട്ടാണ് കോണ്‍ഗ്രസ് ബന്ധ ചര്‍ച്ച മുന്നോട്ടു നീങ്ങുന്നത്. കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ച് പുറമെ പറഞ്ഞ്, യെച്ചൂരിക്കെതിരായ നീക്കമാണ് നടക്കുന്നത്.
പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയത്തില്‍ യെച്ചൂരി വിഭാഗത്തിന് തിരിച്ചടിയുണ്ടായാല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് വെല്ലുവിളിയാവും. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് മുഖ്യലക്ഷ്യമെന്നും കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ നേരത്തെയുള്ള സമീപനം തുടരുമെന്നും കഴിഞ്ഞ പോളിറ്റ് ബ്യൂറോ തീരുമാനങ്ങള്‍ വിശദീകരിച്ചപ്പോള്‍ യെച്ചൂരി പറഞ്ഞിരുന്നു. ബി.ജെ.പിയെ തോല്പിക്കാന് കോണ്‍ഗ്രസുമായി സഹകരിക്കുന്നതില്‍ യെച്ചൂരിയെ പിന്തുണക്കുന്ന പശ്ചിമ ബംഗാള്‍ ഘടകത്തിനും അനുകൂല നിലപാടാണ്.
എന്നാല്‍, ബംഗാള്‍ തോല്‍വിയടക്കം രാഷ്ട്രീയ സാഹചര്യങ്ങളും തന്ത്രപരമായ സമീപനവും ഉയര്‍ത്തിക്കാട്ടിയാണ് കേന്ദ്ര കമ്മിറ്റിയില്‍ കേരള ഘടകം യെച്ചൂരിയെ ഉന്നമിടുന്നത്. 2018ല്‍ ഹൈദരാബാദില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിന് തൊട്ടുമുമ്ബും കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായിരുന്നു. ഒടുവില്‍ കോണ്‍ഗ്രസുമായി ധാരണ വേണമെന്ന സീതാറാം യെച്ചൂരിയുടെ നിലപാടിനാണ് അംഗീകാരം ലഭിച്ചത്. ഡല്‍ഹിയില്‍ പുതുതായി പണിത സി.പി.എം ദേശീയ പഠന കേന്ദ്രമായ സുര്‍ജിത് ഭവനിലാണ് ഇത്തവണ കേന്ദ്ര കമ്മിറ്റി യോഗം. മുഖ്യമന്ത്രി പിണറായി വിജയനടക്കം കേരള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.
Post Your Comments