ശ്രീനഗര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ജമ്മുകശ്മീരിലെത്തും. ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയതിന് ശേഷം ഇതാദ്യമായാണ് അമിത് ഷാ കശ്മീരിലെത്തുന്നത്. കേവലം ഔദ്യോഗികമായത് എന്നതിലുപരി വലിയ മാനങ്ങള്‍ ഉള്ളതാണ് അമിത് ഷായുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനം. വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്ന അദ്ദേഹം സുരക്ഷാ അവലോകന യോഗങ്ങളിലും പങ്കെടുക്കും. ശ്രീനഗറില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള ആദ്യ വിമാനം ഇന്ന് അമിത് ഷാ ഫ്‌ളാഗ് ഓഫ് ചെയ്യും.
ജമ്മു കശ്മീരിന്റെ വ്യാപാര, അടിസ്ഥാന സൗകര്യ വികസനത്തില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷനുമായി കൈകോര്‍ക്കുന്നതിന്റെ ഭാഗമാണ് വിമാന നയതന്ത്രം. നേരത്തേ നിര്‍ത്തിവച്ചിരുന്ന യുഎഇ-ശ്രീനഗര്‍ വിമാന സര്‍വ്വീസാണ് പുനരുജ്ജീവിപ്പിക്കുന്നത്. കശ്മീരി പണ്ഡിറ്റുകള്‍ ഉള്‍പ്പെടെ 11 പേരെ ഭീകരര്‍ കൊലപ്പെടുത്തുകയും താഴ്വരയില്‍ അക്രമം അഴിച്ചുവിടുകയും ചെയ്ത
സംഭവങ്ങള്‍ക്കു പിന്നാലെയാണ് അമിത് ഷായുടെ സന്ദര്‍ശനം. സന്ദര്‍ശനം കണക്കിലെടുത്ത് കശ്മീരില്‍ സുരക്ഷ കൂടുതല്‍ കര്‍ശനമാക്കി. ഷായുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കശ്മീരിന്റെ ചില പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ നിന്നും ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. ശ്രീനഗറില്‍ 20 മുതല്‍ 25 വരെ കമ്പനി അര്‍ധസൈനിക വിഭാഗങ്ങളെ അധികമായി വിന്യസിച്ചിട്ടുണ്ട്.
Post Your Comments