തിരുവനന്തപുരം: ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് ഇടുക്കി ജലസംഭരണിയില്‍ നേരിയ തോതില്‍ താഴ്ന്ന ജലനിരപ്പ് വീണ്ടും ഉയര്‍ന്നുതുടങ്ങി. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുന്നതും ഡാമില്‍ ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് വര്‍ധിച്ചതുമാണ് കാരണം. ബുധനാഴ്ച വൈകിട്ട് ജലനിരപ്പ് താഴ്‌ന്നെങ്കിലും വ്യാഴാഴ്ച രാവിലെ മുതല്‍ ഉയരുകയായിരുന്നു. ജലനിരപ്പ് 2398.08 അടിയില്‍ എത്തിയതിനെത്തുടര്‍ന്നാണ് ചൊവ്വാഴ്ച ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 35 സെ.മീ. വീതം ഉയര്‍ത്തിയത്. മിനിറ്റില്‍ 60 ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.
Read Also : മകന്റെ വരവും കാത്ത് കണ്ണീരുമായി അമ്മ ഗൗരി ഖാന്‍, സിനിമകളോട് നോ പറഞ്ഞ് ഷാരൂഖ് ഖാനും
അതേസമയം, ഷട്ടര്‍ വഴി വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനൊപ്പം വൈദ്യുതോല്‍പ്പാദനം പരമാവധി വര്‍ധിപ്പിച്ചും ജലനിരപ്പ് 2395 അടിയില്‍ എത്തിക്കാനാണ് കെ.എസ്.ഇ.ബിയുടെ ശ്രമം. കൂടുതല്‍ ഷട്ടറുകള്‍ തുറക്കാന്‍ ആലോചനയില്ലെന്നും തല്‍ക്കാലം നിലവിലെ സ്ഥിതി തുടരുമെന്നും വൈദ്യുതി ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.
അതേസമയം, ഇടമലയാര്‍, പമ്പ അണക്കെട്ടുകളില്‍നിന്ന് പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് കുറക്കാന്‍ തീരുമാനിച്ചു. ഇടമലയാറില്‍ ബ്ലൂ അലര്‍ട്ടില്‍ നിന്ന് താഴെ എത്തിയ സാഹചര്യത്തിലാണ് രണ്ട് ഷട്ടറുകള്‍ 80 ല്‍ നിന്ന് 50 സെന്റിമീറ്ററാക്കി താഴ്ത്തിയത്. പമ്പയില്‍ രണ്ട് ഷട്ടറുകള്‍ 45 ല്‍ നിന്ന് 30 സെന്റിമീറ്റായി കുറയ്ക്കും. കക്കിയില്‍ രണ്ട് ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ വീതം തുറന്നിരുന്നത് തുടരും.
Post Your Comments