വാഷിംഗ്ടൺ : സോഷ്യൽമീഡിയയിൽ ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് മറികടക്കാൻ സ്വന്തം സോഷ്യൽ നെറ്റ്വർക്ക് പ്ലാറ്റ്ഫോമുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്വിറ്ററും, ഫേസ്ബുക്കും വിലക്ക് ഒഴിവാക്കാത്ത പശ്ചാത്തലത്തിലാണ് ട്രംപിന്‍റെ നടപടി. ‘ട്രൂത്ത് സോഷ്യൽ’ എന്ന് പേരിട്ട ആപ്പ് അടുത്ത മാസം പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കും.
തുടക്കത്തിൽ തിരഞ്ഞെടുത്ത ചുരുക്കം ആൾക്കാർക്ക് മാത്രമായിരിക്കും ആപ്പ് ലഭ്യമാകുക. ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പിന്റെ കീഴിലായിരിക്കും പുതിയ ആപ്പ് പ്രവർത്തിക്കുക.സാമൂഹികമാധ്യമ ഭീമന്മാരുടെ അഹങ്കാരത്തിനെതിരെ പൊരാടാൻ വേണ്ടിയാണ് താൻ ഈ പുതിയ സാമൂഹികമാധ്യമം ആരംഭിക്കുന്നതെന്നും ട്രംപ് പറഞ്ഞു. അതേസമയം, കഴിഞ്ഞ മേയിൽ ട്രംപ് ‘ഫ്രം ദ ഡെസ്ക് ഒഫ് ഡൊണാൾഡ് ട്രംപ്’ എന്ന ഒരു ബ്ലോഗ് ആരംഭിച്ചിരുന്നു. എന്നാൽ, പൊതുജനങ്ങളിൽ നിന്ന് വേണ്ടത്ര പ്രതികരണം ലഭിക്കാതിരുന്നതിനെ തുടർന്ന് ഒരു മാസത്തിനുള്ളിൽ ബ്ലോഗ് നിർത്തിയിരുന്നു.
Read Also : ടി20 ലോകകപ്പ് സന്നാഹ മത്സരം: ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനുവരിയിൽ നടന്ന അക്രമ സംഭവങ്ങളെ തുടർന്നാണ് ട്രംപിന് ഫേസ്ബുക്കും ട്വിറ്ററും വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. തന്റെ അനുയായികളുമായി സംവദിക്കുന്നതിന് ട്രംപ് ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്നത് ഈ രണ്ട് സാമൂഹികമാധ്യമങ്ങളെയുമായിരുന്നു. ഇതിന് പിന്നാലെ ഇൻസ്റ്റാഗ്രാം, ഷെയർ ചാറ്റ്, യൂട്യൂബ് എന്നിവയും ട്രംപിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Post Your Comments