പോര്‍ട്ട് ബ്ലെയര്‍: ആന്‍ഡമാന്‍ ദ്വീപ് സമൂഹത്തിലെ റോസ് ദ്വീപിനെ നേതാജി ‘സുഭാഷ് ചന്ദ്രബോസ് ദ്വീപ്’ എന്ന് പുനര്‍നാമകരണം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തിനു വേണ്ടി ജീവന്‍ ത്യജിച്ച വ്യക്തികള്‍ക്ക് ചരിത്രത്തില്‍ ഇടം നല്‍കുന്നതിനായാണ് സുഭാഷ് ചന്ദ്രബോസിന്റെ സ്മരണാര്‍ത്ഥം ഈ പേര് ദ്വീപിന് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് നല്‍കിയ സംഭാവനകള്‍ക്ക് മതിയായ അംഗീകാരം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇവിടെ നടന്നിട്ടുള്ളതെന്നും അമിത് ഷാ ചൂണ്ടിക്കാണിച്ചു. ‘ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ സ്വാതന്ത്ര്യത്തിന്റെ തീര്‍ത്ഥാടന കേന്ദ്രമാണ്, എല്ലാ യുവാക്കളോടും ആന്‍ഡമാന്‍ നിക്കോബാര്‍ സന്ദര്‍ശിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.’ പേരുമാറ്റിയ ശേഷം ദ്വീപില്‍ നടന്ന ചടങ്ങില്‍ അമിത് ഷാ പറഞ്ഞു.
‘ഈ വര്‍ഷം സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125- ാം ജന്മവാര്‍ഷികവും ആഘോഷിക്കും. നേതാജിയുടെ ജീവിത ചരിത്രം പരിശോധിക്കുമ്പോള്‍ അദ്ദേഹത്തോട് ചെയ്തത് അനീതിയാണ്. അര്‍ഹിക്കുന്ന സ്ഥാനം അദ്ദേഹത്തിന് നല്‍കിയിട്ടില്ല, ‘ അമിത് ഷാ പറഞ്ഞു.
‘ വീര്‍’എന്ന പദവി സവര്‍ക്കറിന് സര്‍ക്കാര്‍ നല്‍കിയിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ധീരതയും ദേശസ്നേഹവും അംഗീകരിച്ച കോടിക്കണക്കിന് ജനങ്ങളാണ് അത് നല്‍കിയത്. ഇന്ന് ചില ആളുകള്‍ സവര്‍ക്കറെ ചോദ്യം ചെയ്യുന്നു. ജനങ്ങള്‍ അദ്ദേഹത്തിന്റെ പേരിനു മുന്നില്‍ ‘വീര്‍’ എന്ന് ചേര്‍ത്തിട്ടുണ്ട്. ആ ആദരവും ബഹുമാനവും ആര്‍ക്കും തകര്‍ക്കാനാവില്ല. സവര്‍ക്കറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.
Post Your Comments